| Tuesday, 26th April 2022, 12:40 pm

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹാട്രിക്കിനൊരുങ്ങി വിരാട് കോഹ്‌ലി; അരുതേയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍ ആര്‍.സി.ബി നായകന്‍ വിരാട് കോഹ്‌ലി ഹാട്രിക് ചാന്‍സുമായാണ് ക്രീസിലെത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡക്കായ താരം മൂന്നാമത്തെ മത്സരത്തില്‍ ആ ചീത്തപ്പേര് മാറ്റിയെഴുതാനാണൊരുങ്ങുന്നത്.

തൊട്ടുമുമ്പത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും അതിന് മുമ്പുള്ള മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടുമായിരുന്നു താരം നേരിട്ട ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി പുറത്തായത്.

ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് മാത്രമായിരുന്നില്ല പരാജയപ്പെട്ടത്. കോഹ്‌ലിയടക്കം ആര്‍.സി.ബിയുടെ മൂന്ന് മുന്‍നിര താരങ്ങളായിരുന്നു ഡക്കായി മടങ്ങിയത്.

ആര്‍.സി.ബി നിരയിലെ രണ്ടേ രണ്ടേ പേര്‍ മാത്രമായിരുന്നു ആ മത്സരത്തില്‍ രണ്ടക്കം കടന്നത്. സീസണിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ആര്‍.സി.ബി അന്നേറ്റുവാങ്ങിയത്.

കഴിഞ്ഞ രണ്ട് മത്സരത്തില്‍ മാത്രമായിരുന്നില്ല, ഐ.പി.എല്‍ 2022ലെ ഇതുവരെ നടന്ന രണ്ട് മത്സരത്തിലൊഴികെ മറ്റെല്ലാ കളിയിലും കോഹ്‌ലി പരാജയമായിരുന്നു.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ 29 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സ് നേടിയ കോഹ്‌ലി മുംബൈയ്‌ക്കെതിരെയും അതേ മികവ് ആവര്‍ത്തിച്ചു. 36 പന്തില്‍ നിന്നും 46 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

മറ്റെല്ലാ മത്സരത്തിലും താരം റണ്‍ കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു. ടി-20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായ കോഹ്‌ലിയില്‍ നിന്നും ഇതൊന്നുമല്ല ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 8 മത്സരത്തില്‍ നിന്നും കേവലം 14.87 ശരാശരിയില്‍ 119 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

0 (1), 0(1), 12 (14), 1 (3), 48 (36), 5 (6), 12 (7), 41* (29) എന്നിങ്ങനെയാണ് വിരാടിന്റെ ഈ സീസണിലെ പ്രകടനം.

വിരാടിന്റെ മോശം ഫോം തുടര്‍ക്കഥയാവുമ്പോള്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പും ആരാധകര്‍ക്ക് ആശങ്കയേറ്റുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനവും വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തി വമ്പന്‍ തിരിച്ചുവരവാവും രാജസ്ഥാനെതിരെ താരം പുറത്തെടുക്കുക എന്നാണ് രാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Virat Kohli tries to stays out of Golden Duck for third match in a row

We use cookies to give you the best possible experience. Learn more