ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നുകൂടിയാണ് ഈ മത്സരം.
ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് ഗ്രൗണ്ടില്‍ എപ്പോഴെല്ലാം ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരുന്നു. 2007 ടി-20 ലോകകപ്പ് ഫൈനലും 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലും 2022 ടി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഓസ്ട്രലിയ ആതിഥേയരായ കഴിഞ്ഞ ടി-20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ വിജയത്തിലേക്ക് പറന്നിറങ്ങിയത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചെറുത്തുനില്‍പും ആര്‍. അശ്വിന്‍ എന്ന മജീഷ്യന്റെ ക്രിക്കറ്റ് ബ്രില്യന്‍സുമെല്ലാം ഇന്ത്യയുടെ വിജയത്തില്‍ ഒരു ഘടകമായെങ്കിലും വിരാട് കോഹ്‌ലിയുടെ പേരില്‍ തന്നെയാണ് ടി-20 ചരിത്രത്തിലെ തന്നെ ത്രില്ലിങ്ങായ ഈ മത്സരം ഓര്‍മിക്കപ്പെടുക.
മത്സരത്തില്‍ 53 പന്ത് നേരിട്ട് പുറത്താകാതെ 82 റണ്‍സാണ് വിരാട് നേടിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്നതും ഈ മത്സരത്തിലാണ്. ചെയ്‌സ് മാസ്റ്റര്‍ എന്ന തന്റെ വിളിപ്പേര് വീണ്ടും അന്വര്‍ത്ഥമാക്കിയാണ് വിരാട് തന്റെ വാറിയര്‍ സ്പിരിറ്റ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്.
കളിയിലെ താരമായി തെരഞ്ഞെടുത്തതും വിരാടിനെ തന്നെയായിരുന്നു.
ഇതിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് അന്ന് കുറിക്കപ്പെട്ടത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നേട്ടമാണ് വിരാട് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. അന്ന് മൂന്നാം തവണയാണ് പാകിസ്ഥാനെതിരെ വിരാട് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ടി-20 ലോകകപ്പില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം
(താരം – ടീം – പി.ഒ.ടി.എം പുരസ്‌കാരം – എതിരാളികള്‍ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 3 – പാകിസ്ഥാന്‍
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2 – ഓസ്‌ട്രേലിയ
ആര്‍. അശ്വിന്‍ – ഇന്ത്യ – 2 – ബംഗ്ലാദേശ്
ആദം സാംപ – ഓസ്‌ട്രേലിയ – 2 – ബംഗ്ലാദേശ്
ഉമര്‍ ഗുല്‍ – പാകിസ്ഥാന്‍ – 2 – ന്യൂസിലാന്‍ഡ്
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2 – ശ്രീലങ്ക
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2 – വെസ്റ്റ് ഇന്‍ഡീസ്
ജൂണ്‍ ഒമ്പതിനാണ് ഈ ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ന്യൂയോര്‍ക്കാണ് വേദി. ഈ മത്‌സരത്തിലും പാകിസ്ഥാന്‍ ബൗളേഴ്‌സിനെതിരെ വിരാട് പുറത്തെടുക്കുന്ന വെടിക്കെട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിങ് റിസര്‍വ് താരങ്ങള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
പാകിസ്ഥാന്‍ സ്‌ക്വാഡ്
ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.
Content highlight: Virat Kohli tops the list of most POTM Awards vs an Opponent in T20WC