| Sunday, 17th July 2022, 1:40 pm

ക്രിക്കറ്റിനോട് തത്കാലത്തേക്ക് വിട; ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് ശേഷം വിരാട് ലണ്ടനിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റില്‍ നിന്നും തത്കാലത്തേക്ക് വിട്ടുനില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

മോശം ഫോം തുടരുകയും വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന പരമ്പരയില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്നതിനും പിന്നാലെയാണ് താരം ക്രിക്കറ്റില്‍ നിന്നും അവധിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ത്രീ ലയണ്‍സുമായുള്ള പരമ്പരയ്ക്ക് ശേഷം താരം ഇംഗ്ലണ്ടില്‍ തന്നെ തുടരും. ലണ്ടനില്‍ കുറച്ചുദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് വിരാട് തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനം നടക്കാനിരിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കോഹ്‌ലി കുടുംബത്തോടൊപ്പം ലണ്ടലില്‍ തന്നെ തുടരുമെന്നും ഈ സമയങ്ങളില്‍ പ്രാക്ടീസ് അടക്കം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുമെന്നുമാണ് പ്രമുഖ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘കോഹ്‌ലി അമ്മയ്ക്കും മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ക്കുമൊപ്പം ലണ്ടനില്‍ തുടരും. ഈ അവസരത്തില്‍ താരം ക്രിക്കറ്റില്‍ നിന്നും ഒരു ബ്രേക്ക് എടുക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഷ്യാ കപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് താരം’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കോഹ്‌ലി ഉള്‍പ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് താരം ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് വിരാട് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഫോം ഔട്ടും ഇതിന് പിന്നാലെ വരുന്ന വിമര്‍ശനങ്ങളും വിരാടിനെ ഏറെ തളര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, വിരാടിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടേത്. വിരാടിനെ എന്തുവന്നാലും പിന്തുണയ്ക്കുമെന്നും ടീമിന് പുറത്തുനിന്നുള്ളവര്‍ കാര്യമറിയാതെ സംസാരിക്കുകയാണെന്നുമായിരുന്നു രോഹിത് പറഞ്ഞത്.

എന്നിരുന്നാലും, ടീംമംഗങ്ങളില്‍ നിന്നും ക്യാപ്റ്റനില്‍ നിന്നും എത്രയൊക്കെ പിന്തുണ ലഭിച്ചാലും ഒരു തിരിച്ചുവരവ് നടത്താന്‍ വിരാടിനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ഫോം ഔട്ടില്‍ നിന്നും ഗംഭീരമായി തിരിച്ചുവന്ന വിരാടിനെ ഇന്ത്യന്‍ ക്രിക്കറ്റിന് അറിയാത്തതല്ല. അത്തരമൊരു തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ഇത്തരം വിമര്‍ശനങ്ങള്‍ താരത്തിന്റെ ഡ്രൈവിങ് ഫോഴ്‌സാവുമെന്നും ഈ അവധിയോടെ തങ്ങളുടെ പഴയ വിരാടിനെ തങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight:  Virat Kohli to take a break from cricket, to stay in London with family after England series: Reports

We use cookies to give you the best possible experience. Learn more