|

58 റണ്‍സില്‍ ഒന്ന്, 152 റണ്‍സില്‍ മറ്റൊന്ന്; കരിയറിനെ ഒന്നാകെ തിരുത്തിക്കുറിക്കാന്‍ വിരാട്; സച്ചിന്‍ വീഴും!

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ടി-20കളും അടങ്ങിയ പരമ്പരയ്ക്കായാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ മണ്ണിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക.

ഈ പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ തകര്‍പ്പന്‍ റെക്കോഡുകളാണ് കാത്തിരിക്കുന്നത്. റെക്കോഡുകളേക്കാളുപരി കരിയര്‍ മൈല്‍ സ്‌റ്റോണുകളാണ് ഇവ രണ്ടും.

അന്താരാഷ്ട്ര കരിയറില്‍ 27,000 റണ്‍സ് എന്ന ചരിത്ര നേട്ടമാണ് ഇതില്‍ ആദ്യം. ഈ നേട്ടത്തിലെത്താന്‍ വിരാടിന് വേണ്ടതാകട്ടെ വെറും 58 റണ്‍സും.

ഇതോടെ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ നാലാമത് താരമെന്ന നേട്ടവും ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. നിലവില്‍ സച്ചിന്റെ പേരിലാണ് ഏറ്റവും വേഗത്തില്‍ 27,000 റണ്‍സിന്റെ റെക്കോഡുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,061

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27,483

വിരാട് കോഹ്‌ലി – ഇന്ത്യ – 26,942

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25,957

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 25.534

2008ല്‍ കരിയര്‍ ആരംഭിച്ച വിരാട് 533 മത്സരത്തിലെ 591 ഇന്നിങ്‌സില്‍ നിന്നും 26,942 റണ്‍സാണ് നേടിയത്. 53.35 എന്ന തകര്‍പ്പന്‍ ശരാശരിയാണ് വിരാടിന്റെ പേരിലുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ നൂറ് സ്ഥാനങ്ങളിലെ ഏറ്റവും മികച്ച ശരാശരിയാണിത്.

കരിയറില്‍ ഇതുവരെ 80 സെഞ്ച്വറിയാണ് വിരാട് അടിച്ചുകൂട്ടിയത്. സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ സച്ചിന് താഴെ രണ്ടാം സ്ഥാനത്താണ് വിരാട് ഇടം നേടിയിരിക്കുന്നത്. 140 അര്‍ധ സെഞ്ച്വറികളും വിരാട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 9,000 റണ്‍സെന്ന നാഴികക്കല്ലും വിരാടിന് മുമ്പിലുണ്ട്. ബംഗ്ലാദേശിനെതിരെ 152 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ കോഹ്‌ലിയുടെ പേരില്‍ മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെടും.

ഈ നേട്ടത്തിലെത്തുന്ന 18ാമത് താരമെന്ന നേട്ടവും നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും വിരാടിന് മുമ്പിലുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 15,921

രാഹുല്‍ ദ്രാവിഡ് – 13,288

സുനില്‍ ഗവാസ്‌കര്‍ – 10,122

വിരാട് കോഹ്‌ലി – 8,848

വി.വി.എസ്. ലക്ഷ്മണ്‍ – 8,781

സെപ്റ്റംബര്‍ 19നാണ് ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക് സ്റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം ടെസ്റ്റും നടക്കും.

Content Highlight: Virat Kohli to scripts several records in IND vs BAN series