ദ്രാവിഡിനും യുവരാജിനും ഗവാസ്‌കറിനും രക്ഷയില്ല; ഗാബയില്‍ പലതും സംഭവിക്കും
Sports News
ദ്രാവിഡിനും യുവരാജിനും ഗവാസ്‌കറിനും രക്ഷയില്ല; ഗാബയില്‍ പലതും സംഭവിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th December 2024, 8:43 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടി ഒപ്പത്തിനൊപ്പമാണ്.

ഗാബ ടെസ്റ്റ് വിജയിച്ചാല്‍ പരമ്പരയില്‍ മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. ടീം എന്ന നിലയില്‍ മാത്രമല്ല, നിരവധി വ്യക്തിഗത റെക്കോഡുകളും ഗാബയില്‍ പിറവിയെടുത്തേക്കും.

വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് എന്നിവര്‍ക്കാണ് ഇതിഹാസങ്ങളെ മറികടക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്.

വന്‍മതില്‍ തകര്‍ക്കാന്‍ വിരാട്

ഇന്ത്യന്‍ സൂപ്പര്‍ താരവും ഫ്യൂച്ചര്‍ ലെജന്‍ഡുമായ വിരാട് കോഹ്‌ലിക്ക് തകര്‍ക്കാനുള്ളത് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ്. ഗാബയില്‍ വെറും 42 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യയുടെ വന്‍മതിലിനെ മറികടക്കാന്‍ വിരാടിന് സാധിക്കും.

60 ഇന്നിങ്‌സില്‍ നിന്നും 39.45 ശരാശരിയില്‍ 2143 റണ്‍സാണ് ദ്രാവിഡ് നേടിയത്. അതേസമയം, വിരാടാകട്ടെ 46 ഇന്നിങ്‌സില്‍ നിന്നും 52.93 ശരാശരിയില്‍ 2102 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ഗില്ലും യുവരാജും ടെസ്റ്റ് റണ്‍സും

തന്റെ മെന്റര്‍ കൂടിയായ യുവരാജ് സിങ്ങിനെ മറികടക്കാനുള്ള അവസരമാണ് ഗില്ലിന് കൈവന്നിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിഹാസം രചിച്ച യുവരാജിന് എന്നാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അത്ര മികച്ച റെക്കോഡുകളില്ല. ഇന്ത്യയ്ക്കായി ആകെ കളിച്ച 40 മത്സരത്തിലെ 62 ഇന്നിങ്‌സില്‍ നിന്നും 1900 ടെസ്റ്റ് റണ്‍സാണ് യുവി സ്വന്തമാക്കിയത്. ഈ നേട്ടമാണ് ഗില്ലിന് മുമ്പിലുള്ളത്.

ഗാബയില്‍ 42 റണ്‍സ് കണ്ടെത്തിയാല്‍ ഗില്ലിന് യുവരാജ് സിങ്ങിനെ മറികടക്കാന്‍ സാധിക്കും. 56 ഇന്നിങ്‌സില്‍ നിന്നും 1859 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ മത്സരം പരിക്കുമൂലം നഷ്ടപ്പെട്ട ഗില്‍ രണ്ടാം മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഗാബയില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഗവാസ്‌കറിന് ചെക്ക് വെക്കാന്‍ പന്ത്

വെറും അഞ്ച് റണ്‍സ്, സുനില്‍ ഗവാസ്‌കറിനെ മറികടക്കാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടേണ്ടത് ഇത്ര മാത്രം. ഗാബയില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലാണ് പന്ത് ഇന്ത്യന്‍ ലെജന്‍ഡിനെ മറികടക്കാന്‍ ഒരുങ്ങുന്നത്.

രണ്ട് ഇന്നിങ്‌സുകള്‍ മാത്രമാണ് ഗവാസ്‌കര്‍ ഗാബയില്‍ കളിച്ചത്. ഇതില്‍ നിന്നും 116 റണ്‍സും ഗവാസ്‌കര്‍ അടിച്ചെടുത്തു. റിഷബ് പന്തും ഗാബയില്‍ രണ്ട് ഇന്നിങ്‌സ് മാത്രമാണ് കളിച്ചത്.

2021ലെ പര്യടനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ 89* അടക്കം 112 റണ്‍സാണ് ബ്രിസ്‌ബെയ്‌നില്‍ പന്തിന്റെ പേരിലുള്ളത്. ഇത്തവണ അഞ്ച് റണ്‍സ് കൂടി കണ്ടെത്തിയാല്‍ പന്തിന് ലിറ്റില്‍ മാസ്റ്ററെ മറികടക്കാന്‍ സാധിക്കും.

 

Content Highlight: Virat Kohli to Rishabh Pant, and Shubman Gill on verge of surpassing legendary players during Gabba Test