| Sunday, 15th September 2024, 5:36 pm

കരുതിയിരുന്നോ ബംഗ്ലാദേശേ... ബ്രാഡ്മാന് ഭീഷണിയാകാന്‍ വിരാട് രണ്ടും കല്‍പിച്ചാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പരക്കാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ഇന്ത്യ ഈ വര്‍ഷം കളിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരായ ഹോം സീരീസ്.

സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.

ഈ പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ഒരു തകര്‍പ്പന്‍ റെക്കോഡും കാത്തിരിപ്പുണ്ട്. ഹോം കണ്ടീഷനില്‍ ഏറ്റവുമധികം ടെസ്റ്റ് ഡബിള്‍ സെഞ്ച്വറികളുള്ള താരം എന്ന നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്.

ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് വിരാട്. ആറ് തവണയാണ് വിരാട് സ്വന്തം തട്ടകത്തില്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയത്.

ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാന്‍ മാത്രമാണ് ഈ പട്ടികയില്‍ വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ളത്. ഈ പരമ്പരയില്‍ ഒരു തവണ ഇരട്ട സെഞ്ച്വറി നേടിയാല്‍ ബ്രാഡ്മാനൊപ്പമെത്താനും മറ്റൊന്ന് കൂടി നേടിയാല്‍ ബ്രാഡ്മാനെ മറികടക്കാനും വിരാടിന് സാധിക്കും.

ഹോം ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ഇരട്ട സെഞ്ച്വറി എന്നീ ക്രമത്തില്‍)

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 7

വിരാട് കോഹ്‌ലി – ഇന്ത്യ – 6

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 6

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ- 5

പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡ് ഇരു ടീമുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്.

ഓഗസ്റ്റ്-സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്താണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് വിജയവും ആദ്യ ടെസ്റ്റ് പരമ്പര വിജയവുമാണിത്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷാകിബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയ്, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്.

അതേസമയം, ബംഗ്ലാദേശിനെതിരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ പോയാല്‍ ഈ വര്‍ഷം തന്നെ ഈ റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള അവസരവും വിരാടിന് മുമ്പിലുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ഹോം സീരീസിലും വിരാടിന് ഈ നേട്ടത്തിലെത്താനാകും.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കാണ് കിവികള്‍ ഇന്ത്യയിലെത്തുന്നത്. ഒക്ടോബര്‍ 16നാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പര ആരംഭിക്കുന്നത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്. രണ്ടാം മത്സരം മഹാരാഷട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലും അവസാന ടെസ്റ്റ് വാംഖഡെയിലുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Content Highlight: Virat Kohli to join Donald Bradman with double century in series against Bangladesh

We use cookies to give you the best possible experience. Learn more