2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മെഗാ ലേലത്തിന് ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്നും വിട്ടയക്കുമെന്നുമറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍.
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു ഐ.പി.എല്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 2025 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായി തിരിച്ചുവരാനൊരുങ്ങുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി.
ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത സീസണില്‍ വിരാട് ബെംഗളൂരിനെ നയിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. കാലങ്ങളായുള്ള ബെംഗളൂരിന്റെ ഐ.പി.എല്‍ കിരീടത്തിന്റെ കാത്തിരിപ്പ് നീളുമ്പോള്‍ വിരാട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ആരാധകര്‍ക്ക് ഒരു ശുഭ സൂചന തന്നെയാണ്.
2008ലെ ഐ.പി.എല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ ബെംഗളൂരുവിനൊപ്പമുള്ള താരമാണ് വിരാട്. പിന്നീട് 2013ല്‍ ബെംഗളൂരിന്റെ ക്യാപ്റ്റനായി തെരഞ്ഞടുത്ത വിരാട് 2009ലും 2011ലും 2016ലും ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. എന്നാല്‍ 2022 സീസണിന് മുമ്പ് ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ക്യാപ്റ്റന്‍ സ്ഥാനം വിരാട് ഉപേക്ഷിച്ചിരുന്നു.
മാത്രമല്ല ഒമ്പത് സീസണില്‍ ബെംഗളൂരു ഐ.പി.എല്‍ പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്. എ.ബി.ഡി. വില്ലിയേഴ്‌സ് ക്രിസ് ഗെയില്‍ തുടങ്ങിയ ഭീമന്‍മാര്‍ ഉണ്ടായിരുന്നിട്ടും ടീമിന് കിരീടം നേടാന്‍ സാധിക്കാതെ വരികയായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലില്‍ തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ആര്‍.സി.ബി 14 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ഏഴ് തോല്‍വിയും അടക്കം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ 143 മത്സരങ്ങളിലാണ് ആര്‍.സി.ബിയെ. അതില്‍ 60 വിജയവും 70 പരാജയവുമാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. പുതിയ സീസണില്‍ രണ്ടും കല്‍പ്പിച്ച് വിരാട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ വലിയ പ്രതീക്ഷ തന്നെയാണ് ആര്‍.സി.ബി ഫാമിലിക്കുള്ളത്.
ഐ.പി.എല്ലില്‍ ആകെ 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് താരം നേടിയെടുത്തത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറു 38.67 എന്ന ആവറേജും താരത്തിനുണ്ട്. 131.97 ആണ് ഐ.പി.എല്ലില്‍ താരത്തിനുള്ള സ്‌ട്രൈക്ക് റേറ്റ്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയുമടക്കമാണ് വിരാടിന്റെ ഐ.പി.എല്‍ റണ്‍വേട്ട.
Content Highlight: Virat Kohli To Captain Royal Challengers Bangalore Again