2024ലെ ആവേശകരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അന്ത്യം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ സണ്‍റൈസ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിലെ തങ്ങളുടെ മൂന്നാം കിരീടം നേടിയിരുന്നു.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് കിരീടം സ്വന്തമാക്കുകയായിരുന്നു.
ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് എതിരാളികളില്ലാതെ വിരാട് കോഹ്‌ലിയാണ് സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 741 റണ്‍സാണ് കോഹ്‌ലി നേടിയത്. 61.75 ആവറേജിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
ഐ.പി.എല്ലിലെ വിരാടിന്റെ രണ്ടാം ഓറഞ്ച് ക്യാപ്പ് നേട്ടമായിരുന്നു ഇത്. ഇതിനുമുമ്പ് 2016 സീസണിലായിരുന്നു കോഹ്‌ലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 973 റണ്‍സാണ് കോഹ്‌ലി നേടിയത്.
ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് സീസണുകളില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.
In a league of his own. King Kohli for a reason! 👑🐐
— Royal Challengers Bengaluru (@RCBTweets) May 26, 2024
കോഹ്‌ലി ഓറഞ്ച് ക്യാപ്പ് നേടിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ ഐ.പി.എല്‍ കിരീടമെന്ന സ്വപ്നം ഈ സീസണിലും അകലെ നില്‍ക്കുകയായിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ട ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും അത്ഭുതകരമായി വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫിലേക്ക് മുന്നേറിയത്.