ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാര്‍ച്ച് 22ന് മുതലാണ് കൊടിയേറുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക.
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍താരം വിരാട് കോഹ്‌ലി. 17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാണ് കോഹ്‌ലിയും സംഘവും കളത്തില്‍ ഇറങ്ങുന്നത്.
ഇപ്പോഴിതാ തന്നെ കിങ് എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പുതിയ ജേഴ്‌സി ലോഞ്ചിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി.
‘ ആദ്യം നിങ്ങള്‍ എന്നെ കിങ് എന്ന വാക്ക് വിളിക്കുന്നത് നിര്‍ത്തണം. ദയവായി എന്നെ വിരാട് എന്ന് വിളിക്കണം. കിങ് എന്ന് ഒരിക്കലും വിളിക്കരുത്. എല്ലാവര്‍ഷവും നിങ്ങളെന്നെ ആ പേര് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജയാണ് തോന്നുന്നത് അതിനാല്‍ ഇനി മുതല്‍ എന്നെ വിരാട് എന്ന് വിളിക്കൂ ഇതെനിക്ക് വളരെ നാണക്കേടാണ്,’ കോഹ്‌ലി പറഞ്ഞു.
ടി-20 ഫോര്‍മാറ്റിലേക്ക് നീണ്ട കാലത്തിന് ശേഷമാണ് വിരാട് കളിക്കാനിറങ്ങുന്നത്. ചെന്നൈക്കെതിരെ താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഐ.പി.എല്ലില്‍ 237 മത്സരങ്ങളില്‍ 229 ഇന്നിങ്സുകളില്‍ നിന്നും 7263 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.