|

അന്ന് ധോണി അയച്ച മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെയുള്ളിലേക്ക് തറച്ചുകയറി; വെളിപ്പെടുത്തി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം ആഘേഷിക്കപ്പെടുന്ന താരം ആരാണെന്നതില്‍ തര്‍ക്കമൊന്നുമില്ല, അത് വിരാട് കോഹ്‌ലി തന്നെയാണ്.

കാരണം അത്രക്ക് മികച്ച ഫോമിലാണ് താരം ഈ ലോകകപ്പ് കളിക്കുന്നത്. ഇതിനോടകം മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ള വിരാട് പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 82 റണ്‍സ് അടിച്ചെടുത്തുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയായിരുന്നു.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പത്തെ സമയം, ഈ വര്‍ഷമാദ്യം തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കോഹ്‌ലി കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഫോം കണ്ടെത്താനാകാതെ പോയ കോഹ്‌ലിയെ ‘വിരമിക്കാനായ താരം’ എന്നുവരെ വിമര്‍ശകര്‍ വിശേഷിപ്പിച്ചിരുന്നു.

താന്‍ കടന്നുപോയ മോശം സമയത്തെ കുറിച്ചും അന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി തനിക്കയച്ച സന്ദേശത്തെ കുറിച്ചും മനസുതുറക്കുകയാണ് ആര്‍.സി.ബി പോഡ്കാസ്റ്റില്‍ ഇപ്പോള്‍ വിരാട്. ധോണി അയച്ച മെസേജ് തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചെന്നും വിരാട് പറയുന്നു.

”ആത്മാര്‍ത്ഥമായി അന്നെന്നെ സമീപിച്ച ഒരേയൊരാള്‍ എം.എസ്. ധോണിയായിരുന്നു. എന്നേക്കാള്‍ ഇത്രയും സീനിയറായ ഒരു താരവുമായി ഇത്രയും സ്‌ട്രോങ് ബോണ്ടും ശക്തമായ ഒരു ബന്ധവും ഉണ്ടാക്കിയെടുക്കാന്‍ പറ്റും എന്ന് അറിയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.

പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതമായ ഒരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയിലുള്ളത്,” വിരാട് കോഹ്‌ലി പറഞ്ഞു.

”നിങ്ങള്‍ സ്‌ട്രോങ്ങാകണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുകയും ഒരു സ്‌ട്രോങ് വ്യക്തിയാണെന്ന് ആളുകള്‍ക്ക് തോന്നുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെയുണ്ട് സുഖമാണോ, എന്ന് ചോദിക്കാന്‍ ആളുകള്‍ മറന്നുപോകും. എനിക്കയച്ച മെസേജില്‍ ധോണി പരാമര്‍ശിച്ച കാര്യങ്ങളിലൊന്നാണിത്.

ആ വരികള്‍ എന്നിലേക്ക് തറച്ചുകയറി.

വളരെ ആത്മവിശ്വാസമുള്ള, മാനസികമായി സ്‌ട്രോങ്ങായ, ഏതു സാഹചര്യത്തെയും നേരിടാന്‍ സാധിക്കുന്ന, മറ്റുള്ളവര്‍ക്ക് വഴികാണിക്കുന്ന ഒരാളായാണ് എന്നെ എപ്പോഴും ആളുകള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ചില സമയങ്ങളില്‍, ലൈഫിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ വെച്ച് കുറച്ച് ചുവടുകള്‍ പിന്നോട്ട് പോകുകയും നിങ്ങള്‍ എങ്ങനെയുണ്ടെന്നും എന്ത് ചെയ്യുന്നുവെന്നും സ്വയം മനസിലാക്കുകയും ചെയ്യേണ്ടിവരും, എന്നാണ് തിരിച്ചറിയേണ്ടത്,” വിരാട് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ സമയത്ത് തനിക്ക് മെസേജ് അയച്ച ഒരേയൊരു വ്യക്തി എം.എസ്. ധോണിയാണെന്നും നേരത്തെ ഏഷ്യാ കപ്പിനിടെ വിരാട് പറഞ്ഞിരുന്നു.

ഏഷ്യാ കപ്പിലും വിരാട് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

Content Highlight: Virat Kohli talks about what MS Dhoni texted him during lean patch