ഇന്ത്യയുടെ പുതിയ മാച്ച് വിന്നറാകാൻ അവന് സാധിക്കും: വിരാട് കോഹ്‌ലി
Cricket
ഇന്ത്യയുടെ പുതിയ മാച്ച് വിന്നറാകാൻ അവന് സാധിക്കും: വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 2:04 pm

ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. പരാഗ് ഇന്ത്യയുടെ മാച്ച് വിന്നര്‍ ആകാന്‍ സാധ്യതയുള്ള താരമാണെന്നാണ് കോഹ്‌ലി പറഞ്ഞത്.

‘റിയാന്‍, ഇന്ത്യക്കായി ആദ്യ ഏകദിന മത്സരം കളിക്കാന്‍ സാധിച്ചതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. നിലവില്‍ ക്രിക്കറ്റില്‍ നിങ്ങളുടെ പ്രകടനങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് എല്ലാം അറിയാം. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ നിങ്ങളെപ്പോലുള്ള ഒരു താരത്തെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിങ്ങളെ തെരഞ്ഞെടുക്കണമെങ്കില്‍ നിങ്ങളില്‍ എന്തെങ്കിലും പ്രത്യേകത അവര്‍ കാണുന്നുണ്ട്.

ജി.ജി ഭായ്, സെലക്ടര്‍മാര്‍ രോഹിത് എല്ലാവരോടും ഞാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. അവര്‍ നിങ്ങളില്‍ എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ട്. ഇന്ത്യയുടെ മാച്ച് വിന്നര്‍ ആകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്ക് ആ വിശ്വാസം ഉണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങളെ കുറച്ചുകാലമായിട്ട് അറിയാം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളില്‍ വിശ്വാസമുണ്ട്,’ കോഹ്‌ലി പറഞ്ഞു.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പരാഗ് മികച്ച ബൗളിങ് പ്രകടനമായിരുന്നു നടത്തിയത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക, ആവിഷ്‌ക ഫെര്‍ണാണ്ടോ, ദുനിത് വെല്ലെലഗെ എന്നിവരെയാണ് പരാഗ് പുറത്താക്കിയത്.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ശ്രീലങ്ക വിജയിക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയോട് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ടി-20 പരമ്പര ഒരു മത്സരം പോലും പരാജയപ്പെടാതെ 3-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വന്ന ഇന്ത്യയ്ക്ക് ഏകദിനത്തില്‍ പിഴക്കുകയായിരുന്നു.ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

 

Content Highlight: Virat Kohli Talks About Riyan Parag