| Saturday, 25th February 2023, 11:47 pm

ഞാന്‍ ധോണിയുടെ വലംകൈ, എന്നും അദ്ദേഹത്തിന്റെ ചിറകിന്‍ കീഴിലായിരുന്നു: വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുമായി തനിക്കുള്ള ബന്ധത്തെ പറ്റി തുറന്ന് പറയുകയാണ് വിരാട് കോഹ്‌ലി. താന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ വലംകയ്യായിരുന്നുവെന്നും തന്നെ അദ്ദേഹത്തിന് നന്നായി അറിയാമെന്നും കോഹ്‌ലി പറഞ്ഞു. ആര്‍.സി.ബി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ പിന്‍ഗാമിയായി ധോണി തെരഞ്ഞെടുക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചിറകിന്‍ കീഴിലായിരുന്നു ഞാനെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ധോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നു.

ഞങ്ങള്‍ എപ്പോഴും മാച്ചിനെ പറ്റി സംസാരിക്കുകയും പ്രധാനപ്പെട്ട സാഹചര്യങ്ങളില്‍ എന്തുചെയ്യാനാവുമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എപ്പോഴും ധോണിയുടെ വലംകയ്യായിരുന്നു ഞാന്‍. എനിക്ക് ഗെയിം എങ്ങനെയാണെന്ന് മനസിലാകുമായിരുന്നു. ടീമിനെ ജയിപ്പിക്കാനായി ഞാന്‍ കളിക്കുമായിരുന്നു. എനിക്ക് കളി അറിയാമെന്ന് അദ്ദേഹത്തിന് മനസിലായി. ധോണിക്ക് വേണ്ട ഇന്‍പുട്ടുകള്‍ ഞാന്‍ നല്‍കുകയും ചെയ്തിരുന്നു. വെറുതെ ഒരു പൊസിഷനില്‍ നിന്ന് പന്തെറിയുകയായിരുന്നില്ല ഞാന്‍,’ കോഹ്‌ലി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ധോണി തന്നെ പിന്തുണച്ചതിനെ പറ്റിയും അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു. ‘ഞാന്‍ വളരെയധികം പ്രയാസമനുഭവിച്ച ഘട്ടങ്ങളില്‍ അനുഷ്‌കക്ക് പുറമെ എനിക്കൊപ്പം നിന്നത് ധോണിയായിരുന്നു. എന്റെ പങ്കാളിയെയോ ചെറുപ്പത്തിലെ കോച്ചിനെയോ കുടുംബത്തെയോ ഒഴിച്ചുനിര്‍ത്തിയാല്‍ ധോണി മാത്രമാണ് ജെനുവിനായി എനിക്കൊപ്പം നിന്നത്.

ധോണിക്കൊപ്പം ടച്ച് വിട്ടുപോകാതെ നില്‍ക്കുക എന്നത് അപൂര്‍വം ആളുകള്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. കാരണം അദ്ദേഹം ഫോണില്‍ നോക്കാറില്ല. അതുകൊണ്ട് വിളിച്ചാല്‍ 99 ശതമാനവും അദ്ദേഹം അത് അറ്റന്‍ഡ് ചെയ്യാതിരിക്കാനാണ് സാധ്യത. എനിക്ക് അങ്ങനെ രണ്ട് വട്ടം സംഭവിച്ചിട്ടുണ്ട്. തിരിച്ച് മെസേജയച്ചപ്പോള്‍ നിങ്ങളെ മറ്റുള്ളവര്‍ ശക്തനായി കാണുമ്പോള്‍ എങ്ങനെയിരിക്കുന്നു എന്ന് ചോദിക്കാന്‍ മറന്നുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി. കാരണം അദ്ദേഹത്തെ വളരെ ശക്തനും ആത്മവിശ്വാസമുള്ളവനുമായാണ് ഞാന്‍ കണ്ടിരുന്നത്,’ കോഹ്‌ലി പറഞ്ഞു.

Content Highlight: virat kohli talks about dhoni’s support for him

We use cookies to give you the best possible experience. Learn more