| Tuesday, 18th April 2023, 5:29 pm

'ഇതുകൊണ്ടാണ് ഈ മനുഷ്യനെ ഞങ്ങള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നത്'; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും മാറ്റി വെക്കാന്‍ സാധിക്കാത്ത പേരാണ് വിരാട് കോഹ്‌ലിയുടേത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് വിരാട് ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ സ്വയം അടയാളപ്പെടുത്തിയത്. ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിരാടിന്റെ പേരില്‍ തന്നെ തുടരുകയാണ്.

തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വിരാട് ഈ സീസണിലും ബാറ്റ് വീശുന്നത്. ഇതുവരെ അഞ്ച് മത്സരം കളിച്ച വിരാട് 55 എന്ന മികച്ച ശരാശരിയില്‍ 220 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 82 റണ്‍സാണ് സീസണിലെ ഇതുവരെയുള്ള ടോപ് സ്‌കോര്‍.

കളിച്ച അഞ്ച് കളിയില്‍ മൂന്നിലും അര്‍ധ സെഞ്ച്വറി തികച്ച വിരാടിന് കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ പിഴച്ചിരുന്നു. ഹോം സ്‌റ്റേഡിയത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് നടന്ന മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്.

ചെന്നൈ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തിറങ്ങിയ ചെയ്‌സ് മാസ്റ്റര്‍ക്ക് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പിഴക്കുകയായിരുന്നു. ആകാശ് സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് വിരാട് മടങ്ങിയത്.

വിരാടിന് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയെങ്കിലും ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് തീര്‍ത്തിരുന്നു. ഇരുവരും തകര്‍ത്തടിച്ചെങ്കിലും വിജയത്തിന് എട്ട് റണ്‍സകലെ കാലിടറി വീഴാനായിരുന്നു ആര്‍.സി.ബിക്ക് സാധിച്ചത്.

ആകാശ് സിങ് എന്ന 20കാരനായിരുന്നു വിരാടിനെ പുറത്താക്കിയത്.

മത്സരശേഷം സഞ്ജയ് മഞ്ജരേക്കറുമായി വിന്നിങ് ടീം ക്യാപ്റ്റന്‍ ധോണി സംസാരിക്കുന്നതിനിടെ ഫ്രെയ്മിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയിലേക്കായിരുന്നു ആരാധകരുടെ കണ്ണുകള്‍ ചെന്ന് പതിച്ചത്. തന്നെ പുറത്താക്കിയ ആകാശ് സിങ്ങുമായി കാര്യമായി സംസാരിക്കുന്ന വിരാട് കോഹ്‌ലിയെയായിരുന്നു ആരാധകര്‍ കണ്ടത്.

പന്തെറിയുന്നതിനെ കുറിച്ചുള്ള ടിപ്‌സായിരുന്നു വിരാട് ആകാശിന് പകര്‍ന്നു നല്‍കിയത്. വിരാടിന്റെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേള്‍ക്കുന്ന ആകാശും ആരാധകരുടെ മനം കവര്‍ന്നിരുന്നു. കാര്യങ്ങള്‍ സംസാരിച്ച ശേഷം ഇതെല്ലാം ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്ന തരത്തില്‍ വിരാട് ആംഗ്യവും കാണിച്ചിരുന്നു.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങള്‍ അഹങ്കാരിയെന്നും ഷോ ഓഫെന്നും വിളിച്ച് അധിക്ഷേപിക്കുമ്പോള്‍ ഇതെല്ലാം കൊണ്ടാണ് വിരാട് തങ്ങളുടെ ഫേവറിറ്റ് ആകുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിലെ താരങ്ങളെ വിരാട് ഇപ്പോഴെ മൂര്‍ച്ച കൂട്ടിയെടുക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി. ഏപ്രില്‍ 20നാണ് ടീം പ്ലേ ബോള്‍ഡിന്റെ അടുത്ത മത്സരം. മൊഹാലിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ആര്‍.സി.ബിയുടെ എതിരാളികള്‍.

Content Highlight: Virat Kohli talking to Akash Singh, Video goes viral

We use cookies to give you the best possible experience. Learn more