| Wednesday, 18th December 2024, 1:17 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി നിങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും; അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിനെക്കുറിച്ച് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍. ഇപ്പോള്‍ അശ്വിന്റെ വിരമിക്കലിനെക്കുറിച്ച് തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. 14 വര്‍ഷം തങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമിന് അശ്വിന്‍ നല്‍കിയ സംഭാവനകള്‍ ഇതിഹാസതാരമെന്ന നിലയില്‍ അശ്വിനെ ഓര്‍മിപ്പിക്കുമെന്നും വിരാട് പറഞ്ഞു.

’14 വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങളോടൊപ്പം കളിച്ചു, ഇന്ന് നിങ്ങള്‍ വിരമിക്കുന്നുവെന്ന് എന്നോട് പറഞ്ഞപ്പോള്‍, അത് എന്നെ ഇമോഷണലാക്കി, ആ വര്‍ഷങ്ങളിലെല്ലാം ഒരുമിച്ച് കളിച്ചതിന്റെ ഫ്‌ളാഷ്ബാക്ക് എന്നിലേക്ക് വന്നു. നിങ്ങളോടൊപ്പമുള്ള യാത്രയുടെ ഓരോ ഭാഗവും ഞാന്‍ ആസ്വദിച്ചു,

ഇന്ത്യന്‍ ക്രിക്കറ്റിലെ നിങ്ങളുടെ എല്ലാ സ്‌കില്‍സും മാച്ച് വിന്നിങ് സംഭാവനകളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. മറ്റൊന്നും ആശംസിക്കുന്നില്ല, കുടുംബത്തോടൊപ്പമുള്ള നിങ്ങളുടെ ജീവിതം സന്തോഷപൂര്‍വമാകട്ടെ, ഒരുപാട് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും, താങ്ക് യു ഫോര്‍ എവരിതിങ് ബഡ്ഡി,’ വിരാട് എക്‌സില്‍ കുറിച്ചു.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ഇന്ത്യന്‍ ടീമിലെ അംഗമാണ് അശ്വിന്‍. ബ്രിസ്‌ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ അഞ്ചാം ദിനം മഴ പെയ്ത് കളി നിര്‍ത്തിയിരുന്നു, ഇതോടെ അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒപ്പം പത്രസമ്മേളനം വിളിക്കുകയും തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയുമായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 106 മത്സരങ്ങളിലെ 200 ഇന്നിങ്‌സില്‍ നിന്ന് 537 വിക്കറ്റുളാണ് താരം സ്വന്തക്കിയത്. ഏകദിനത്തില്‍ 116 മത്സരത്തിലെ 114 ഇന്നിങ്‌സില്‍ നിന്ന് 156 വിക്കറ്റും ടി-20ഐയില്‍ 65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടി.

ബാറ്റിങ്ങിലും അശ്വിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങിയിട്ടുണ്ട്. ടെസ്റ്റിലെ 151 ഇന്നിങ്‌സില്‍ നിന്ന് ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3503 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തിലെ 63 ഇന്നിങ്‌സില്‍ നിന്ന് 707 റണ്‍സും ടി-20യിലെ 19 ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സും താരത്തിനുണ്ട്.

Content Highlight: Virat Kohli Talking About R. Ashwin Retirement

We use cookies to give you the best possible experience. Learn more