2007ല്‍ എം.എസ്. ധോണിക്ക് ശേഷം 2024ല്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഫൈനലില്‍ ഒരുഘട്ടത്തില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. 15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത്.
ഡെത്ത് ഓവറില്‍ ജസ്പ്രീത് ബുംറ വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ബുംറയ്ക്ക് സാധിച്ചു. അപകടകാരിയായ ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയ ശേഷം അവസാന ഓവറില്‍ ഹര്‍ദിക്ക് പാണ്ഡ്യ ഡേവിഡ് മില്ലറിനെ സൂര്യകുമാര്‍ യാദവിന്റെ കയ്യില്‍ എത്തിച്ച് ഇന്ത്യ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു.
മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റായിരുന്നു നേടിയത്. ഇതോടെ ബുംറയെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടത്തിന്റെ വിജയാഘോഷത്തില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ബുംറയുടെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു വിരാട് കോഹ്‌ലി. നിര്‍ണായക നിമിഷത്തില്‍ ടീമിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്ന ബുംറയെ വിരാട് അനുമോദിക്കുകയായിരുന്നു.
‘ ഒരു നിമിഷം ഞങ്ങള്‍ക്ക് മത്സരം കയ്യില്‍നിന്ന് പോയെന്ന് എല്ലാവരും കരുതി. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ബുംറ ചെയ്തത് വളരെ സ്‌പെഷ്യലാണ്. അവന്‍ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവന്‍ ഞങ്ങള്‍ക്ക് വേണ്ടികളിക്കുന്നത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്. അവന്റെ മികച്ച പ്രകടനം വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്, അവന് വേണ്ടി നമുക്ക് കയ്യടിക്കാം,’ വിരാട് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ പറഞ്ഞു.
ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമാകാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 4.17 എന്ന മികച്ച ഇക്കോണമിയില്‍ 15 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
Content Highlight: Virat Kohli Talking About Jasprit Bumrah