ധാരാളം ക്രിക്കറ്റേഴ്‌സിനെ കാണുന്നുണ്ടെങ്കിലും മനസില്‍ ചിലര്‍ മാത്രമെ ഉണ്ടാവുകയുള്ളൂ; പ്രോട്ടിയാസ് ഇതിഹാസത്തെക്കുറിച്ച് വിരാട്
Sports News
ധാരാളം ക്രിക്കറ്റേഴ്‌സിനെ കാണുന്നുണ്ടെങ്കിലും മനസില്‍ ചിലര്‍ മാത്രമെ ഉണ്ടാവുകയുള്ളൂ; പ്രോട്ടിയാസ് ഇതിഹാസത്തെക്കുറിച്ച് വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th October 2024, 10:41 pm

ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മില്‍ ഇടം നേടിയിരിക്കുകയാണ് മുന്‍ പ്രോട്ടിയാസ് ഇതിഹാസ താരം എ.ബി.ഡി. വില്ലിയേഴ്‌സും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കും. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ സൂപ്പര്‍ താരം നീതു ഡേവിഡും ഐ.സി.സിയുടെ എലീറ്റ് ലീസ്റ്റില്‍ ഇടം നേടി. ഒക്ടോബര്‍ 16നാണ് പുതിയ ഇന്‍ഡക്ഷനായി മൂവരെയും ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മിന്റെ ഭാഗമാക്കിയത്.

ഹോള്‍ ഓഫ് ഫെയ്മില്‍ ഇടം നേടിയ മുന്‍ പ്രോട്ടിയാസ് ഇതിഹാസ താരം എ.ബി.ഡി. വില്ലിയേഴ്‌സിന് ആശംസ അയച്ചിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ധാരാളം ക്രിക്കറ്റ് കളിക്കാരെ കാണുന്നുണ്ടെങ്കിലും മനസിനെ സ്വാധീനിക്കുന്ന ചിലര്‍ മാത്രമെ ഉണ്ടാവുകയുള്ളൂ എന്നും അതാണ് ഡിവില്ലിയേഴ്‌സിനെ വ്യത്യസ്തനാക്കുന്നതെന്നും വിരാട് ആശംസയില്‍ കുറിച്ചു.

‘ധാരാളം കളിക്കാര്‍ ശ്രദ്ധേയമായ റണ്‍സ് നേടിയിട്ടുണ്ടാകും, എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമേ കാണുന്നവരുടെ മനസില്‍ സ്വാധീനം ചെലുത്തുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും ഉയര്‍ന്ന മൂല്യം അതാണ്, അതാണ് നിങ്ങളെ പ്രത്യേകനാക്കുന്നത്,’ വിരാട് ആശംസയില്‍ എഴുതിയത്.

ഇരുവരും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച കൂട്ടുകൊട്ട് നടത്തിയവരാണ്. മാത്രമല്ല ഡി വില്ലിയേഴ്സ് ടീമിലെ നിര്‍ണായക അംഗങ്ങളില്‍ ഒരാളായി മാറാന്‍ അതികം സമയം എടുത്തിരുന്നില്ല. ഐ.പി.എല്‍ 2016ല്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ച് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടീമിനെ നയിച്ചു. ആര്‍.സി.ബിയ്ക്കായി 77 ഇന്നിങ്സുകളില്‍ നിന്ന് 3175 എന്ന ഏറ്റവും കൂടുതല്‍ റണ്‍സിന്റ കൂട്ടുകെട്ടിന്റ റെക്കോര്‍ഡ് സ്വന്തമാക്കാനും ഡി വില്ലിയേഴ്‌സിനും വിരാടിനും കഴിഞ്ഞു.

ഡിവില്ലിയേഴ്‌സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 20,014 റണ്‍സാണ് നേടിയത്. നിലവില്‍ വിരാട് മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 27,041 റണ്‍സാണ് സ്വന്തമാക്കിയത്.

 

Content Highlight: Virat Kohli Talking About A B D Villiers