| Wednesday, 27th December 2023, 8:28 pm

വിരാടിന്റെ വിക്കറ്റിലെ കൂടോത്രം ഫലം കണ്ടു; രണ്ടാം പന്തില്‍ ഇന്ത്യക്ക് ബ്രേക് ത്രൂ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്നതിന് തൊട്ടടുത്താണ് പ്രോട്ടിയാസ്. സൂപ്പര്‍ താരം ഡീന്‍ എല്‍ഗറിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മുന്നേറുന്നത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കവെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രം പുറത്തായി. 17 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് മര്‍ക്രമിന് നേടാന്‍ സാധിച്ചത്.

വണ്‍ ഡൗണായി ‘പ്രെഡേറ്റര്‍’ ടോണി ഡി സോര്‍സിയാണ് കളത്തിലിറങ്ങിയത്. പരിചയ സമ്പന്നനായ എല്‍ഗറിനൊപ്പം ചേര്‍ന്ന് സോര്‍സി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ എല്‍ഗറും സോര്‍സിയും ചേര്‍ന്ന് സൗത്ത് ആഫ്രിക്കക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കി.

ടീം സ്‌കോര്‍ 104ല്‍ നില്‍ക്കവെയാണ് സൗത്ത് ആഫ്രിക്കക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്. ടോണി ഡി സോര്‍സിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

എന്നാല്‍ ഈ പുറത്താകലിന് തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇന്ത്യയെ ഭാഗ്യം തുണച്ച നിമിഷമായിട്ടാണ് ആരാധകര്‍ അതിനെ വിലയിരുത്തുന്നത്, അതിന് കാരണക്കാരനായതാകട്ടെ വിരാട് കോഹ്‌ലിയും.

29ാം ഓവറിലെ ആറാം പന്തിലാണ് സോര്‍സി പുറത്താകുന്നത്. ഇതിന് രണ്ട് പന്ത് മുമ്പ് വിരാട് വിക്കറ്റിലെ ബെയ്ല്‍സ് പരസ്പരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ബുംറ വിക്കറ്റ് നേടുകയും ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായിരിക്കുകയാണ്.

ബുംറയുടെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ നിന്ന യുവതാരം യശസ്വി ജെയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് സോര്‍സി പുറത്തായത്. ഇതോടെ എല്‍ഗര്‍-സോര്‍സി കൂട്ടുകെട്ടിനും അവസാനമായി. 93 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ആഷസ് പരമ്പരയില്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഇത്തരത്തില്‍ ബെയ്ല്‍സിന്റെ സ്ഥാനം പരസ്പരം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ സൂപ്പര്‍ താരം നഥാന്‍ ലിയോണ്‍ പുറത്താവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വിരാടും ഇത്തരത്തില്‍ വിക്കറ്റ് നേടിയതോടെ രണ്ട് സംഭവങ്ങളെയും ആരാധകര്‍ ഒന്നിച്ചുവെക്കുകയാണ്.

സോര്‍സി പുറത്തായതിന് പിന്നാലെ കീഗന്‍ പീറ്റേഴ്‌സണെയും ബുംറ മടക്കിയിരുന്നു. ഏഴ് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംറ പീറ്റേഴ്‌സണെ പുറത്താക്കിയത്.

അതേസമയം, 57 ഓവര്‍ പിന്നിടുമ്പോള്‍ 233 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ആതിഥേയര്‍ക്ക് ലീഡ് നേടാം.

188 പന്തില്‍ 132 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറും 75 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

Content Highlight: Virat Kohli switch bails during the match, Tony de Zorzy dismissed after this incident

We use cookies to give you the best possible experience. Learn more