| Wednesday, 11th January 2023, 12:14 pm

കനക സിംഹാസനത്തില്‍ നിന്നും സച്ചിനെ പടിയിറക്കിവിട്ട് കോഹ്‌ലി; ഇനി ആ കിരീടം കിങ്ങിനുള്ളത്

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ കരിയറിലെ 73ാം സെഞ്ച്വറിയായിരുന്നു വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം ബര്‍സാപരയില്‍ വെച്ച് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിലായിരുന്നു വിരാട് ഒരിക്കല്‍ക്കൂടി ‘വിന്റേജ് വിരാടാ’യത്.

87 പന്തില്‍ നിന്നും 113 റണ്‍സായിരുന്നു വിരാട് സ്വന്തമാക്കിയത്. 12 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് കോഹ്‌ലി ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. 129.89 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ശ്രീലങ്കക്കെതിരെ വിരാട് കോഹ്‌ലിയുടെ എട്ടാമത് സെഞ്ച്വറിയാണിത്. സച്ചിനൊപ്പം ഈ നേട്ടം പങ്കിടാനും ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വിരാടിന് സാധിച്ചു.

ഇതിനെല്ലാം പുറമെ 12,500 ഏകദിന റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന താരമാവാനും കഴിഞ്ഞ മത്സരം വിരാടിന് വഴിയൊരുക്കി.

എന്നാല്‍ ഇപ്പോള്‍ ഏകദിനത്തില്‍ സച്ചിനെ മറികടന്ന് ഒരു വമ്പന്‍ റെക്കോഡാണ് വിരാട് സ്വന്തമാക്കിയിരിക്കുന്നത്. 12,500 ഏകദിന റണ്‍സ് സ്വന്തമാക്കാന്‍ ഏറ്റവും കുറവ് ഇന്നിങ്‌സ് കളിച്ച താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

257 ഇന്നിങ്‌സില്‍ നിന്നുമാണ് വിരാട് ഏകദിനത്തില്‍ 12,500 റണ്‍സ് തികച്ചത്. വിരാടിനേക്കാള്‍ 53 ഇന്നിങ്‌സ് അധികം കളിച്ചാണ് (310) സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്.

മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങാണ് പട്ടികയിലെ മൂന്നാമന്‍. 328 ഇന്നിങ്‌സുകളില്‍ നിന്നുമാണ് റിക്കി പോണ്ടിങ് ഈ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ മികച്ച ഫോമിലാണ് വിരാട് കളിക്കുന്നത്. ഫോം ഔട്ടിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന വിരാടിന്റെ രണ്ടാം വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായി മാറുന്ന വിരാടിനെയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കാണുന്നത്.

2022ലെ തന്റെ അവസാന മത്സരത്തിലും 2023ലെ തന്റെ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി തികച്ചിരുന്നു. രണ്ട് മത്സരത്തിലും 113 എന്ന സ്‌കോര്‍ തന്നെയായിരുന്നു വിരാട് സ്വന്തമാക്കിയത്.

സച്ചിന്റെ 49 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ റെക്കോഡിലേക്ക് ഒരു അടി കൂടി വെക്കാനും വിരാടിനായി. നാല് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിനൊപ്പമെത്താനും ഒന്നധികം സ്വന്തമാക്കിയാല്‍ ലോക റെക്കോഡ് തന്നെ സ്വന്തമാക്കാനും വിരാടിന് സാധിക്കും.

Content highlight: Virat Kohli surpasses Sachin Tendulkar to create an ODI record

We use cookies to give you the best possible experience. Learn more