ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനവല്‍ മത്സരം അഡ്‌ലെയ്ഡില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.
അര്‍ധ സെഞ്ച്വറി തികച്ച വിരാടിന്റെയും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.
ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയപ്പെട്ട മത്സരത്തിലെ പവര്‍ പ്ലേ ഘട്ടത്തില്‍ റണ്‍സ് നേടാന്‍ സാധിക്കാതെ ഇന്ത്യ ഉഴറിയിരുന്നു. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും ഹര്‍ദിക്കിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്‌കോര്‍ ഉയര്‍ത്തി.
33 പന്തില്‍ നിന്നും ഹര്‍ദിക് 63 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ നിന്നും 50 റണ്‍സാണ് കോഹ് ലി സ്വന്തമാക്കിയത്.
അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റര്‍ എന്ന ലോക റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്.
ഇതിന് പുറമെ ഒരു ഇന്ത്യന്‍ റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് മത്സരങ്ങളുടെ (ഏകദിനവും ടി-20യും) നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി എന്നിവരെയെല്ലാം മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടം കരസ്ഥമാക്കിയത്.