| Wednesday, 17th January 2024, 8:23 pm

ഇനി സച്ചിന് ചിരിക്കാം, നാണക്കേടിന്റെ റെക്കോഡ് വിരാടിന് കൈമാറി

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 22 റണ്‍സിനിടെ ആദ്യ നാല് വിക്കറ്റുകളും നഷ്ടമായിരുന്നു.

യശസ്വി ജെയ്‌സ്വാള്‍ ആറ് പന്തില്‍ നാല് റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ ആറ് പന്തില്‍ ഒരു റണ്‍സുമായി പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് വിരാട് കോഹ്‌ലിയും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും തലകുനിച്ചുനിന്നത്.

ഫരീദ് അഹമ്മദിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കി വിരാട് പുറത്തായപ്പോള്‍ ഫരീദിന്റെ തന്നെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

മൂന്നാം ടി-20യില്‍ പൂജ്യത്തിന് പുറത്തായതോടെ വിരാട് കോഹ്‌ലിയെ ഒരു മോശം റെക്കോഡ് തേടിയെത്തിയിരിക്കുകയാണ്. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങി അന്താരാഷട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരം എന്ന അനാവശ്യ റെക്കോഡാണ് വിരാട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

കരിയറില്‍ ഇത് 35ാം തവണയാണ് വിരാട് സംപൂജ്യനായി മടങ്ങുന്നത്. 34 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയാണ് അനാവശ്യ റെക്കോഡിന്റെ പട്ടികയില്‍ വിരാട് മറികടന്നത്.

ഏകദിനത്തില്‍ 16 തവണ പൂജ്യത്തിന് പുറത്തായ വിരാട് ടെസ്റ്റില്‍ 16 തവണയും ടി-20യില്‍ മൂന്ന് തവണയുമാണ് പൂജ്യത്തിന് പുറത്തായത്. ഇതാദ്യമായാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ വിരാട് ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍ (ആദ്യ ഏഴ് സ്ഥാനങ്ങളില്‍)

വിരാട് കോഹ്‌ലി – 35*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34

രോഹിത് ശര്‍മ – 33

വിരേന്ദര്‍ സേവാഗ് – 31

അതേസമയം, 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 97ന് നാല് എന്ന നിലയിലാണ്. 41 പന്തില്‍ 50 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 23 പന്തില്‍ 30 റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുലാബ്ദീന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജന്നത്, ഷറഫുദ്ദീന്‍ അഷ്റഫ്, ഖായിസ് അഹമ്മദ്, ഫരീദ് അഹമ്മദ്, മുഹമ്മദ് സലീം.

Content Highlight: Virat Kohli surpasses Sachin Tendulkar in unwanted record

We use cookies to give you the best possible experience. Learn more