| Friday, 3rd November 2023, 5:34 pm

ഇവന് മുമ്പില്‍ ഇനിയാരുമില്ല, സച്ചിനും ധോണിയും പോലും; ഇന്ത്യയുടെ എക്കാലത്തേയും സക്‌സസ്ഫുള്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തേയും സക്‌സസ്ഫുള്‍താരം എന്ന റെക്കോഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ശ്രീലങ്ക മത്സരത്തില്‍ രോഹിത് ശര്‍മയും സംഘവും വിജയകാഹളമൂതിയതോടെയാണ് വിരാട് കോഹ്‌ലിയെ തേടി രണ്ട് സുപ്രധാന റെക്കോഡുകളെത്തേിയത്.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം മത്സരങ്ങളില്‍ വിജയിച്ച താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ലോകകപ്പിലെ തുടര്‍ച്ചയായ വിജയങ്ങളാണ് വിരാടിനെ പട്ടികയില്‍ ഒന്നാമനാക്കിയത്.

എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 308 തവണയാണ് വിരാടിനൊപ്പം ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ റെക്കോഡ് നേട്ടത്തില്‍ സച്ചിനൊപ്പമെത്തിയ വിരാട് ലങ്കയെ നിഷ്പ്രഭമാക്കിയതോടെ സച്ചിനെയും മറികടക്കുകയായിരുന്നു. 307 ജയങ്ങളുമായി സച്ചിനാണ് പട്ടികയിലെ ഒന്നാമന്‍.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം തവണ ലോകകപ്പ് മത്സരങ്ങളില്‍ വിജയിക്കുന്ന താരം എന്ന റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു. ഇത് 28ാം മത്സരത്തിലാണ് വിരാട് ഇന്ത്യക്കൊപ്പം ലോകകപ്പ് മത്സരങ്ങളില്‍ വിജയിക്കുന്നത്.

ഇതിന് പുറമെ മറ്റു പല നേട്ടങ്ങളും വിരാട് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ എട്ട് കലണ്ടര്‍ വര്‍ഷങ്ങളില്‍ 1,000 ഏകദിന റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. വാംഖഡെയില്‍ ലങ്കക്കെതിരെ 34 റണ്‍സ് നേടിയതോടെയാണ് വിരാട് ഈ വര്‍ഷവും 1,000 റണ്‍സില്‍ തൊട്ടത്.

2011 മുതല്‍ ഓരോ കലണ്ടര്‍ ഇയറിലും 1,000 ഏകദിന റണ്‍സ് പിന്നിടുന്ന വിരാട് 2023ലും തന്റെ ജൈത്രയാത്ര തുടരുകയാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായുള്ള വിരാടിന്റെ റണ്‍ നേട്ടം

(വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

2011 – 1381 റണ്‍സ്
2012 – 1026 റണ്‍സ്
2013 – 1268 റണ്‍സ്
2014 – 1054 റണ്‍സ്
2017 – 1460 റണ്‍സ്
2018 – 1202 റണ്‍സ്
2019 – 1377 റണ്‍സ്
2023 – 1054* റണ്‍സ്

സച്ചിന്റെ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ റെക്കോഡും വിരാടിന് മുമ്പില്‍ തകര്‍ന്നുവീണേക്കും. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിനൊപ്പമെത്താനും (49 സെഞ്ച്വറി) മറ്റൊരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനും സാധിക്കും. ഈ ലോകകപ്പില്‍ തന്നെ വിരാട് ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Virat Kohli  surpasses Sachin Tendulkar for most wins as an India player across formats.

We use cookies to give you the best possible experience. Learn more