വീണ്ടും റെക്കോഡ്; കോഹ്‌ലിക്ക് മുന്നില്‍ വീണ് പാക് ഇതിഹാസങ്ങള്‍
Cricket
വീണ്ടും റെക്കോഡ്; കോഹ്‌ലിക്ക് മുന്നില്‍ വീണ് പാക് ഇതിഹാസങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 12:26 pm

ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിവസം ന്യൂലാൻഡ്‌സിൽ അവസാനിച്ചു.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ബൗളിങ്.

ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിനായിരുന്നു പ്രോട്ടിയാസ് പുറത്തായത്. വെറും 15 റണ്‍സ് മാത്രം വിട്ട് നല്‍കി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 153 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏഴ് താരങ്ങള്‍ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലി 59 പന്തില്‍ 46 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ആറ് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇതിനുപിന്നാലെ ഒരു അവിസ്മരണീയ നേട്ടവും കോഹ്‌ലി സ്വന്തം പേരിലാക്കി.

ടെസ്റ്റിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍
പാകിസ്ഥാന്‍ ഇതിഹാസ താരങ്ങളായ ഇന്‍സമാം ഉള്‍ ഹക്കിനേയും ജാവേദ് മിയാന്‍ദാദിനേയും മറികടന്നു കൊണ്ടായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം. 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 8836 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. പാക് താരങ്ങളായ മിയാന്‍ദാദ് 8832 റണ്‍സും ഇന്‍സമാം ഉള്‍ ഹക്ക് 120 മത്സരങ്ങളില്‍ നിന്നും 8830 റണ്‍സുമായിരുന്നു നേടിയിരുന്നത്.


സൗത്ത് ആഫ്രിക്കെതിരെയുള്ള ആദ്യ ടെസ്റ്റിലും വിരാട് തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ്‌ലി സ്വന്തം പേരില്‍ ആക്കിയിരുന്നു.

മത്സരത്തില്‍ വിരാടിന് പുറമേ നായകന്‍ രോഹിത് ശര്‍മ 39 റണ്‍സും ശുഭ്മന്‍ ഗില്‍ 36 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക കളി അവസാനിക്കുമ്പോള്‍ 62 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്.

Content Highlight: Virat Kohli surpasses Inzamam Ul Haq and Javed Miandad.