| Friday, 11th October 2019, 4:57 pm

ബ്രാഡ്മാന്‍ മുതല്‍ സെവാഗ് വരെ; ഒറ്റദിവസം കൊണ്ട് ഇന്ത്യന്‍ നായകന്‍ പഴങ്കഥയാക്കിയത് ക്രിക്കറ്റിലെ മഹാരഥന്മാരുടെ റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കു മുന്നില്‍ തകര്‍ന്നുവീണത് ക്രിക്കറ്റിലെ മഹാരഥന്മാരുടെ റെക്കോഡുകള്‍. ഡോണ്‍ ബ്രാഡ്മാന്‍ മുതല്‍ വീരേന്ദര്‍ സെവാഗ് വരെയുള്ളവരുടെ റെക്കോഡുകളാണ് ഒരുദിവസം കൊണ്ട് കോഹ്‌ലി പഴങ്കഥയാക്കിയത്.

കരിയറിലെ ഏഴാം ഡബിള്‍ സെഞ്ചുറി നേട്ടത്തോടെ സച്ചിന്‍ തെണ്ടുല്‍ക്കറെയും സെവാഗിനെയും മറികടന്നതാണ് ഏറ്റവും ഒടുവിലത്തെ റെക്കോഡ് നേട്ടം.

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ തലപ്പത്തെത്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സെവാഗിന്റെയും റെക്കോഡ് കോഹ്‌ലി തകര്‍ത്തെറിഞ്ഞത്.

ക്യാപ്റ്റനായിരിക്കെ ഏഴ് ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയാണദ്ദേഹം. അഞ്ച് ഡബിള്‍ സെഞ്ചുറിയെന്ന ബ്രയാന്‍ ലാറയുടെ റെക്കോഡ് അദ്ദേഹം നേരത്തേ തന്നെ മറികടന്നിരുന്നുയ 2016-ല്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് ഈ റെക്കോഡ് സ്വന്തമാക്കാനായത്.

അതിനിടെ എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡും പഴങ്കഥയായി. തന്റെ വ്യക്തിഗത സ്‌കോര്‍ 150 കടന്നപ്പോഴാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

150-199 റണ്‍സിനിടയ്ക്ക് എട്ടുതവണ സ്‌കോര്‍ ചെയ്ത ബ്രാഡ്മാനെ ഒമ്പതാം ഇന്നിങ്‌സിലൂടെയാണ് അദ്ദേഹം മറികടന്നത്. ഇനി ബ്രാഡ്മാന്റെ പേരിലുള്ളത് 12 ഡബിള്‍ സെഞ്ചുറികളെന്ന റെക്കോഡാണ്. അതിലേക്കെത്താന്‍ കോഹ്‌ലിക്കിനി അഞ്ച് ഡബിള്‍ സെഞ്ചുറികള്‍ വേണം.

ബ്രാഡ്മാന്റെ മാത്രമല്ല, മറ്റൊരു ഓസീസ് ബാറ്റ്‌സ്മാനായ റിക്കി പോണ്ടിങ്ങും കോഹ്‌ലിക്കു മുന്നില്‍ വീഴാറായി. ഒരു ടെസ്റ്റ് ക്യാപ്റ്റന്‍ നേടുന്ന ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന റെക്കോഡാണ് കോഹ്‌ലി ഇവിടെ നേടിയത്. 19 സെഞ്ചുറികളാണ് ഇരുവരും സ്വന്തമാക്കിയത്.

പോണ്ടിങ് കളിക്കളത്തില്‍ നിന്നു വിരമിച്ചതിനാലും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടാന്‍ ഉടനെ സാധ്യതയില്ലാത്തതിനാലും ഈ റെക്കോഡും അദ്ദേഹം മറികടന്നേക്കും.

26-ാം സെഞ്ചുറിയാണ് കോഹ്‌ലി ഈ മത്സരത്തില്‍ നേടിയത്. നേരത്തേ ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവന്‍ സ്മിത്ത് 26 സെഞ്ചുറികള്‍ പിന്നിട്ടിരുന്നു.

ഇവിടം കൊണ്ടും ഒന്നും അവസാനിക്കുന്നില്ല. ടെസ്റ്റില്‍ ഏഴായിരം റണ്‍സ് എന്ന കടമ്പയും ഇതിനിടെ അദ്ദേഹം കടന്നു. ഇന്ത്യക്കു വേണ്ടി ഏഴായിരം റണ്‍സ് ടെസ്റ്റില്‍ പിന്നിട്ടത് കോഹ്‌ലിയെക്കൂടാതെ ആറുപേര്‍ മാത്രമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാം സ്ഥാനത്ത് സച്ചിനും, പിന്നീട് രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വി.വി.എസ് ലക്ഷ്മണ്‍, സെവാഗ്, സൗരവ് ഗാംഗുലി എന്നിവരുമാണുള്ളത്. സ്‌കോര്‍ 254-ല്‍ എത്തി ടീം ഡിക്ലയര്‍ ചെയ്തപ്പോഴും സച്ചിന്റെ 248 എന്ന മികച്ച വ്യക്തിഗത സ്‌കോര്‍ മറികടക്കാന്‍ കോഹ്‌ലിക്കായി.

അതിനിടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ദിലിപ് വെങ്‌സാര്‍ക്കറുടെ സ്ഥാനവും അദ്ദേഹം മറികടന്നു. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വെങ്‌സാര്‍ക്കറെ മറികടന്നാണ് ഏഴാം സ്ഥാനത്തെത്തിയത്. വ്യക്തിഗത സ്‌കോര്‍ 78-ല്‍ നില്‍ക്കെയായിരുന്നു ഇത്.

ടെസ്റ്റില്‍ ഇതുവരെ കോഹ്‌ലി 7054 റണ്‍സ് നേടിയിട്ടുണ്ട്. വെങ്‌സാര്‍ക്കറാകട്ടെ, 6878 റണ്‍സ് മാത്രമാണു നേടിയിട്ടുള്ളത്.

ഈ വര്‍ഷം കോഹ്‌ലി നേടുന്ന ആദ്യ സെഞ്ചുറിയാണിത്. എട്ടിന്നിങ്‌സുകളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് അദ്ദേഹം നേരത്തേ നേടിയത്. ഇതോടെ താന്‍ ഫോമിലേക്കു മടങ്ങിയെത്തിയെന്ന് വിളിച്ചുപറയുക കൂടിയാണ് ഈ ഇന്ത്യന്‍ നായകന്‍.

ഇന്നത്തെ മത്സരത്തില്‍ 336 പന്തുകളില്‍ നിന്നാണ് കോഹ്‌ലി പുറത്താകാതെ 254 റണ്‍സ് നേടിയത്. അതില്‍ 33 ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെടും.

We use cookies to give you the best possible experience. Learn more