കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി-20യിലെ വിജയത്തിന് പിന്നാലെ ഓസീസിനെതിരായ പരമ്പര പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ബാറ്റിങ് തന്നെയായിരുന്നു ഇന്ത്യയുടെ കരുത്ത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് സ്വന്തമാക്കിയത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനുമായിരുന്നു ഓസ്‌ട്രേലിയയുടെ സ്‌കോറിങ്ങില്‍ നെടുംതൂണായത്.
ഇന്ത്യന്‍ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുതകര്‍ത്തായിരുന്നു ഇരുവരും സ്‌കോറിങ്ങിന് വേഗം കൂട്ടിയത്. 27 പന്തില്‍ നിന്നും 54 റണ്‍സുമായി ടിം ഡേവിഡും 21 പന്തില്‍ നിന്നും 52 കാമറൂണ്‍ ഗ്രീനും ആഞ്ഞടിച്ചതോടെയാണ് കങ്കാരുക്കള്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവുമായിരുന്നു ഇന്ത്യന്‍ നിരയില്‍ എതിരാളികളെ കടന്നാക്രമിച്ചത്.
48 പന്തില്‍ നിന്നും 63 റണ്‍സുമായി കോഹ്‌ലിയും 36 പന്തില്‍ നിന്നും 69 റണ്‍സുമായി സൂര്യകുമാര്‍ യാദവും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. സൂര്യകുമാറാണ് മത്സരത്തിലെ താരം.
കഴിഞ്ഞ ദിവസം നേടിയ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും കോഹ്‌ലി തന്റെ പേരിലാക്കിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡാണ് വിരാട് തന്റെ പേരിലാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിനെ മറികടന്നുകൊണ്ടാണ് കോഹ്‌ലി ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരെ ടി-20 ഫോര്‍മാറ്റില്‍ നിന്ന് മാത്രമായി എട്ട് തവണയാണ് കോഹ്‌ലി അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ഡേവിഡ് വാര്‍ണര്‍ ലങ്കക്കെതിരെ നേടിയ ഏഴ് ഫിഫ്റ്റിയാണ് റെക്കോഡ് ബുക്കില്‍ രണ്ടാമതുള്ളത്.
ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍
1. വിരാട് കോഹ്‌ലി vs ഓസ്‌ട്രേലിയ – 8 അര്‍ധ സെഞ്ച്വറി
2. ഡേവിഡ് വാര്‍ണര്‍ vs ശ്രീലങ്ക – 7 അര്‍ധ സെഞ്ച്വറി
3. വിരാട് കോഹ്‌ലി vs വെസ്റ്റ് ഇന്‍ഡീസ് – 6 അര്‍ധ സെഞ്ച്വറി
4. രോഹിത് ശര്‍മ vs വെസ്റ്റ് ഇന്‍ഡീസ് – 6 അര്‍ധ സെഞ്ച്വറി
5. രോഹിത് ശര്‍മ vs ന്യൂസിലാന്‍ഡ് – 6 അര്‍ധ സെഞ്ച്വറി
കഴിഞ്ഞ മത്സരത്തിലെ വിരാടിന്റെ പ്രകടനം ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഏറെ കാലം ഫോം ഔട്ടിന്റെ പിടിയിലായ കോഹ്‌ലി മടങ്ങിയെത്തിത് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്.
ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുന്നവരില്‍ പ്രധാനി വിരാട് തന്നെയായിരിക്കും. ഇത്ര കാലം തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചില്‍ ചവിട്ടിയാണ് അയാള്‍ ഓരോ റെക്കോഡുകളും തകര്‍ത്തുകൊണ്ടിരിക്കുന്നത്.
Content highlight: Virat Kohli surpasses David Warner to set an amazing record