ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്നിങ്‌സിനും 23 റണ്‍സിനുമാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വെറും 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ ചെറുത്ത് നില്‍പാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നും അല്‍പമെങ്കിലും കരകയറ്റിയത്.
82 പന്തില്‍ 76 റണ്‍സാണ് വിരാട് നേടിയത്. 12 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് കോഹ്‌ലിയെ തേടിയെത്തിയിരിക്കുകയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയാണ് വിരാട് തിളങ്ങിയത്. ഇന്ത്യന്‍ ഫാബ് ഫൈവിലെ കരുത്തന്‍ വി.വി.എസ്. ലക്ഷ്മണിനെ മറികടന്നാണ് വിരാട് നാലാം സ്ഥാനത്തെത്തിയത്.
112 മത്സരത്തിലെ 189 ഇന്നിങ്‌സില്‍ നിന്നും 8,790 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. 49.38 എന്ന ശരാശരിയിലും 55.44 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 29 സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയുമാണ് വിരാടിന്റെ പേരിലുള്ളത്.
134 മത്സരത്തിലെ 225 ഇന്നിങ്‌സില്‍ നിന്നും 8,781 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്. 45.97 എന്ന ശരാശരിയിലും 49.37 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വങ്കിപുരപ്പു വെങ്കട സായ് ലക്ഷ്മണ്‍ എന്ന വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണ്‍ സ്‌കോര്‍ ചെയ്തത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
അതേസമയം, രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ സൗത്ത് ആഫ്രിക്ക ഇപ്പോള്‍ 1-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. ജനുവരി മൂന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.