ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലുള്ള മറ്റൊരു ഐതിഹാസിക നേട്ടവും തന്റെ പേരിലേക്ക് മാറ്റിയെഴുതിയാണ് വിരാട് കോഹ്‌ലി ജൈത്രയാത്ര തുടരുന്നത്. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ 80 റണ്‍സ് തികച്ചതോടെയാണ് വിരാട് ഇതിഹാസ നേട്ടത്തിലേക്ക് ഓടിയെത്തിയത്.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. 2003 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 80 റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ സച്ചിനെ മറികടന്നുകൊണ്ട് ഈ നേട്ടം തന്റെ പേരിലാക്കാന്‍ വിരാടിന് സാധിക്കുമായിരുന്നു. കിവികളെ തച്ചുടച്ചുകൊണ്ട് വിരാട് ആ ഐതിഹാസിക നേട്ടവും തന്റെ പേരില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.
34ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ സിംഗിള്‍ നേടിക്കൊണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് നേട്ടത്തിനൊപ്പമെത്തിയ വിരാട് അതേ ഓവറില്‍ മറ്റൊരു സിംഗിള്‍ കൂടെ നേടി സച്ചിനെ മറികടക്കുകയായിരുന്നു.
അതേസമയം, 36 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 265 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 87 പന്തില്‍ 85 റണ്‍സുമായി വിരാട് കോഹ്‌ലിയും 34 പന്തില്‍ 49 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.