ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച യശസ്വി ജെയ്‌സ്വാളും സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ കൂടാരം കയറി.
നാലാം വിക്കറ്റില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടു. ലഞ്ചിന് പിരിയും വരെ വിക്കറ്റ് വീഴാതെ കാത്ത ഇരുവരും പതിയെ സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി.
എന്നാല്‍ ലഞ്ചിന് ശേഷം പെട്ടെന്ന് തന്നെ ഇരുവരും പുറത്തായിരുന്നു. അയ്യര്‍ 64 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 38 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്.
എന്നാല്‍ പുറത്താകും മുമ്പേ ഒരു തകര്‍പ്പന്‍ നേട്ടം വിരാട് തന്റെ പേരില്‍ കുറിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത് ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇന്ത്യന്‍ ലെജന്‍ഡ് രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് വിരാട് ഈ നേട്ടം തന്റെ പേരില്‍ കുറിച്ചത്.
വെറും 13 റണ്‍സ് നേടിയിരുന്നെങ്കില്‍ വിരാടിന് ഇന്ത്യയുടെ വന്‍മതിലിനെ മറികടക്കാം എന്നിരിക്കവെയാണ് വിരാട് അതിന്റെ മൂന്നിരട്ടി റണ്‍സ് നേടിയത്.
ഇന്ത്യ – സൗത്ത് ആഫ്രിക്ക എന്‍കൗണ്ടറിലെ 21 ഇന്നിങ്‌സില്‍ നിന്നും 33.83 ശരാശരിയില്‍ 1,252 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് ദ്രാവിഡ് തന്റെ ടെസ്റ്റ് കരിയറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയത്.
15 ഇന്നിങ്‌സില്‍ നിന്നും മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും അടക്കം 1.275 റണ്‍സാണ് വിരാട് പ്രോട്ടിയാസിനെതിരെ നേടിയത്. 55.39 എന്ന ശരാശരിയിലാണ് വിരാട് സൗത്ത് ആഫ്രിക്കക്കെതിരെ റണ്ണടിക്കുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യ പൊരുതുകയാണ്. കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ പ്രതീക്ഷ കെടാതെ കാക്കുന്നത്.
നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ 176 റണ്‍സിന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ. 71 പന്തില്‍ 39 റണ്‍സ് നേടിയ കെ.എല്‍. രാഹുലും ഒമ്പത് പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.
DAY 1 | TEA 🥘
An absolutely brilliant spell from Kagiso Rabada to notch another 5er. The Proteas will want to clean up the tail when they return from the tea break🏏🇿🇦