| Monday, 17th July 2023, 1:24 pm

മുന്നില്‍ സച്ചിന്‍ മാത്രം, വൈകാതെ അതും തകരും; തകര്‍പ്പന്‍ റെക്കോഡ് തൂക്കി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ കത്തിക്കയറിയപ്പോള്‍ ബൗളിങ്ങില്‍ അശ്വിനും ജഡേജയും കരീബിയന്‍ പടയെ ഒന്നൊഴിയാതെ എറിഞ്ഞിട്ടു.

ഈ മാച്ചില്‍ തിളങ്ങിയ എല്ലാവരും തന്നെ പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികച്ച ജെയ്‌സ്വാള്‍ തീയായപ്പോള്‍ കരിയറിലെ പത്താമത് ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടവും 3,500 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും രോഹിത് തന്റെ പേരിലാക്കി.

ഇന്ത്യക്കായി 700 വിക്കറ്റ് എന്ന നേട്ടമാണ് അശ്വിന്‍ തികച്ചത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി റെക്കോഡിട്ട അശ്വിന്‍ 34ാമത് ഫൈഫറും തന്റെ പേരില്‍ കുറിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

8,500 ടെസ്റ്റ് റണ്‍സ് എന്ന ഐതിഹാസിക നേട്ടമാണ് വിരാട് കോഹ്‌ലി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് മാത്രം താരമാണ് വിരാട്.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാട് നേടിയിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളില്‍ പങ്കാളിയായ രണ്ടാമത് താരം എന്ന റെക്കോഡാണ് വിരാട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ റെക്കോഡ് തകര്‍ത്താണ് വിരാട് രണ്ടാം സ്ഥാനത്തെത്തിയത്.

296 തവണയാണ് വിരാട് ഇന്ത്യന്‍ ടീമിനൊപ്പം റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ വിജയം സ്വന്തമാക്കിയത്. ധോണിയേക്കാള്‍ ഒരു വിജയം കൂടുതലാണിത്.

ഈ റെക്കോഡ് നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് വിരാടിന് മുമ്പിലുള്ളത്. തന്റെ കരിയറില്‍ 307 തവണയാണ് അദ്ദേഹം ഇന്ത്യക്കൊപ്പം ലോങ്ങര്‍ ഫോര്‍മാറ്റില്‍ വിജയം കൊയ്തത്. ദേശീയ ടീമിനൊപ്പം ഇനി 11 ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും 12ാം മത്സരത്തില്‍ വിജയിക്കുന്നതോടെ അദ്ദേഹത്തെ മറികടക്കാനും സാധിക്കും.

കഴിഞ്ഞ മത്സരത്തില്‍ 182 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ 150 റണ്‍സില്‍ അശ്വിനും സംഘവും ചേര്‍ന്ന് എറിഞ്ഞൊതുക്കിയിരുന്നു. അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജഡേജ മൂന്ന് വിക്കറ്റും നേടി. മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 421 ന് അഞ്ച് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

271 റണ്‍സിന്റെ കടവുമായി ഇറങ്ങിയ വിന്‍ഡീസ് വെറും 130 റണ്‍സിന് ഓള്‍ ഔട്ടായി. അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ജഡേജ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ജൂലൈ 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്യൂന്‍സ് പാര്‍ക് ഓവലാണ് വേദി.

Content highlight: Virat Kohli surpassed MS Dhoni

We use cookies to give you the best possible experience. Learn more