ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ 500ാം അന്താരാഷ്ട്ര മത്സരമാണ് താരം ക്യൂന്‍സ് പാര്‍ക്കില്‍ കളിക്കുന്നത്.
ഇതിന് മുമ്പ് വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി 500 മത്സരം കളിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് ഇതിന് മുമ്പ് ഇന്ത്യക്കായി 500 തികച്ചത്. സച്ചിന്‍ ഇന്ത്യക്കായി 664 മത്സരം കളിച്ചപ്പോള്‍ ധോണി 538ഉം ദ്രാവിഡ് 509 മത്സരവും കളിച്ചു.
ഈ മത്സരത്തിനിറങ്ങും മുമ്പും കളത്തിലിറങ്ങിയതിന് പിന്നാലെയും റെക്കോഡ് നേട്ടങ്ങളാണ് വിരാട് സ്വന്തമാക്കിയത്. 499 അന്താരാഷ്ട്ര മത്സരങ്ങള്‍ അവസാനിക്കുമ്പോഴുള്ള സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനൊപ്പം സ്ഥാനം പിടിച്ചാണ് വിരാട് ചര്‍ച്ചയുടെ ഭാഗമാകുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
കരിയറിലെ 500ാം മത്സരത്തിന് തൊട്ടുമുമ്പ് 75 സെഞ്ച്വറികളാണ് സച്ചിനും വിരാടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറിച്ചത്.
499 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ സച്ചിനൊപ്പം സെഞ്ച്വറി നേട്ടത്തിന്റെ റെക്കോഡ് പങ്കിടുന്ന വിരാട് തന്റെ കരിയര്‍ മൈല്‍സ്റ്റോണില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക് കാലിസിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കെത്തിയാണ് ചരിത്രം കുറിച്ചിരിക്കുന്നത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് 25,461 റണ്‍സായിരുന്നു വിരാടിന്റെ പേരിലുണ്ടായിരുന്നത്, കാലിസിനെക്കാള്‍ 73 റണ്‍സിന്റെ മാത്രം കുറവ്. 25,534 റണ്‍സാണ് കാലിസ് തന്റെ ഐതിഹാസിക കരിയറില്‍ സ്വന്തമാക്കിയത്. എന്നാല്‍ ക്യൂന്‍സ് പാര്‍ക്കില്‍ 87 റണ്‍സുമായി ബാറ്റിങ് തുടരുന്ന വിരാട് കാലിസിനെ മറികടന്നിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – രാജ്യം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,016
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27,483
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25,957
വിരാട് കോഹ്ലി- ഇന്ത്യ – 25,548*
ജാക് കാലീസ് – സൗത്ത് ആഫ്രിക്ക – 25,534
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 24,208
അതേസമയം, ക്യൂന്‍സ് പാര്‍ക്ക് ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മികച്ച നിലയിലാണ്. 84 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സിനാണ് ഇന്ത്യ ആദ്യ ദിവസം കളിയവസാനിപ്പിച്ചത്.
വിരാടിന് പുറമെ യശസ്വി ജെയ്‌സ്വാളിന്റെയും രോഹിത്തിന്റെയും അര്‍ധ സെഞ്ച്വറികളാണ് ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ജെയ്‌സ്വാള്‍ 74 പന്തില്‍ 57 റണ്‍സിന് പുറത്തായപ്പോള്‍ രോഹിത് ശര്‍മ 143 പന്തില്‍ 80 റണ്‍സും നേടി മടങ്ങി.
ശുഭ്മന്‍ ഗില്‍ വീണ്ടും പരാജയമായപ്പോള്‍ രഹാനെക്കും തിളങ്ങാനായില്ല. ഗില്‍ 12 പന്തില്‍ പത്ത് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രഹാനെ 36 പന്ത് നേരിട്ട് എട്ട് റണ്‍സും നേടി പുറത്തായി.
161 പന്തില്‍ 87 റണ്‍സ് നേടിയ വിരാടിന് പുറമെ 84 പന്തില്‍ 36 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.
വിന്‍ഡീസിനായി ജോമല്‍ വാരികന്‍, ജേസണ്‍ ഹോള്‍ഡര്‍, ഷാനന്‍ ഗബ്രിയേല്‍, കെമര്‍ റോച്ച് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് സീരീസ് ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ശ്രമത്തിലാണ്.
Content Highlight: Virat Kohli surpassed Jacques Kallis