| Sunday, 19th November 2023, 6:36 pm

ഓസീസിനെ കപ്പടിപ്പിച്ച ക്യാപ്റ്റനെ പടിയിറക്കിവിട്ട് വിരാട്; ചരിത്രനേട്ടത്തില്‍ ഇനി ഒന്നാമനും രണ്ടാനും ഇന്ത്യക്കാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍  240 റണ്‍സാണ് നേടിയത്.

107 പന്തില്‍ 66 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍, 63 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോഹ്‌ലി, 31 പന്തില്‍ 47 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് കോഹ്‌ലിയെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്.

ഓസീസിനെ ഇരട്ട ലോകകിരീടം ചൂടിച്ച റിക്കി പോണ്ടിങ്ങിനെ മറികടന്നുകൊണ്ടാണ് വിരാട് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

46 ലോകകപ്പ് മത്സരത്തിലെ 42 ഇന്നിങ്‌സില്‍ നിന്നും 45.86 എന്ന ശരാശരിയിലും 79.95 എന്ന സ്‌ട്രൈക്ക് റേറ്റിലും 1743 റണ്‍സാണ് പോണ്ടിങ് നേടിയത്. അഞ്ച് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് ലോകകപ്പില്‍ പോണ്ടിങ്ങിന്റെ സമ്പാദ്യം.

37 ഇന്നിങ്‌സില്‍ നിന്നും 1795 റണ്‍സ് നേടിയാണ് വിരാട് പോണ്ടിങ്ങിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്. അഞ്ച് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 59.83 എന്ന ശരാശരിയിലും 88.20 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് സ്‌കോര്‍ ചെയ്തത്.

2278 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍.

ഐ.സി.സി ലോകകപ്പുകളില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – മത്സരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 45 – 44 – 2,278

വിരാട് കോഹ്‌ലി – ഇന്ത്യ – 37 – 37 – 1,795

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 46 – 42 – 1,743

രോഹിത് ശര്‍മ – ഇന്ത്യ – 28 – 28 – 1,575

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 37 – 35 – 1,532

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 29 – 28 – 1,520

അതേസമയം, പ്രതീക്ഷയര്‍പ്പിച്ച താരങ്ങളില്‍ പലര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ പോയതോടെയാണ് ഫൈനലില്‍ ഇന്ത്യ 240 റണ്‍സിലെത്തിയത്. ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ മൂന്ന്), ശ്രേയസ് അയ്യര്‍ (മൂന്ന് പന്തില്‍ നാല്) എന്നിവര്‍ക്ക് സ്‌കോറിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: Virat Kohli supases Ricky Ponting

We use cookies to give you the best possible experience. Learn more