മുംബൈ: സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. വംശീയമായി താരങ്ങളെ അധിക്ഷേപിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിരാട് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വംശീയാധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു റൗഡി സംസ്‌കാരത്തിന്റെ ഭാഗമാണിത്. ക്രിക്കറ്റ് മൈതാനത്തില്‍ തന്നെ ഇത് നടന്നത് അത്യധികം വേദനയുണ്ടാക്കുന്നു’, വിരാട് ട്വിറ്ററിലഴുതി.
അതേസമയം സിഡ്നി ക്രിക്കറ്റ് മൈതാനത്ത് കാണികളില്‍ നിന്ന് മുമ്പും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനും രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും സമാന അനുഭവമുണ്ടായതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.
സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സിറാജിനും ബുംറയ്ക്കുമെതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്.
Racial abuse is absolutely unacceptable. Having gone through many incidents of really pathetic things said on the boundary Iines, this is the absolute peak of rowdy behaviour. It’s sad to see this happen on the field.
മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും നാലാം ദിവസവും സിറാജിന് മോശം അനുഭവം ഉണ്ടായി. സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ടീം പരാതി നല്‍കിയ ശേഷവും സിഡ്നി കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് അശ്വിന്‍ പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു.
‘അഡ്ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ല. എന്നാല്‍ സിഡ്നിയില്‍ പണ്ടേ ഇങ്ങനെയാണ്. മുന്‍കാലങ്ങളില്‍ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ ആരാധകര്‍ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്’, അശ്വിന്‍ പറഞ്ഞു.
ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ നേരത്തേ പുറത്താക്കിയിരുന്നത്.
സംഭവത്തെ തുടര്‍ന്ന് മാച്ച് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. അധിക്ഷേപം നടത്തിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐ.സി.സിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക