| Monday, 5th September 2022, 2:25 pm

'ഒന്നും മറക്കുന്നവനല്ല ഈ വിരാട്' ; സജഷന്‍സ് വാരിവിതറിയവര്‍ക്ക് ചങ്കില്‍ തറക്കുന്ന മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ഒരൊറ്റ കാര്യമേ എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യാനുണ്ടായിരുന്നുള്ളു. അത് വിരാട് കോഹ്‌ലിയുടെ പെര്‍ഫോമന്‍സിലെ പോരായ്മകളായിരുന്നു.

ഫോം ഔട്ടായി നില്‍ക്കുന്നവനെ എന്തിനാണ് ടീമിലെടുക്കുന്നതെന്ന് ചോദിച്ച് ട്വിറ്ററില്‍ മുറവിളി കൂട്ടുന്നവര്‍ ഒരു വശത്ത്. അര്‍ധ സെഞ്ച്വറിയെന്ന് കേട്ടിട്ടുണ്ടോയെന്ന് ചോദിക്കുന്നവര്‍ മറ്റൊരു വശത്ത്.

മുന്‍ കളിക്കാരും ക്രിക്കറ്റ് ആരാധകരും നിരീക്ഷകരുമടക്കം ‘എങ്ങനെ മികച്ച ഫോമിലേക്ക് തിരിച്ചുവരാം’ എന്ന് വിരാടിന് നിര്‍ദേശങ്ങള്‍ നല്‍കുന്നവരും നിരവധിയുണ്ടായിരുന്നു.

എല്ലാവരുടെയും വായടപ്പിക്കുന്ന മറുപടിയായിരുന്നു ഏഷ്യാ കപ്പില്‍ വിരാട് പുറത്തെടുത്തത്. മൂന്ന് മാച്ചുകളില്‍ നിന്നായി 154 റണ്‍സ് സ്‌കോര്‍ ചെയ്ത വിരാട് പാകിസ്ഥാനുമായുള്ള മാച്ചില്‍ 60 റണ്‍സ് നേടിയിരുന്നു.

മാച്ചില്‍ പാകിസ്ഥാന്‍ ജയിച്ചെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന വിരാടിന്റെ അര്‍ധ സെഞ്ച്വറിയും ടീമിനെ ഒറ്റക്ക് കരകയറ്റാന്‍ നടത്തിയ ശ്രമങ്ങളും കോഹ്‌ലിയുടെ തിരിച്ചുവരവിന്റെ ഗംഭീരസൂചനകളായിരുന്നു.

മാച്ചിന് ശേഷം നടന്ന പ്രസ് മീറ്റില്‍ വെച്ച് ഇതുവരെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള തന്റെ നിലപാട് കോഹ്‌ലി വ്യക്തമാക്കി.

‘എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ അവരോട് നേരിട്ട് പറയും. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും സജഷന്‍സ് പറയാനുണ്ടെങ്കില്‍, അതിനി ശരിക്കും എന്നെ സഹായിക്കാന്‍ വേണ്ടിയാണെങ്കിലും, നിങ്ങള്‍ അത് പോയി ടി.വിയിലിരുന്ന് ലോകം മുഴുവന്‍ കേള്‍ക്കും വിധമാണ് പറയുന്നതെങ്കില്‍, എനിക്ക് അതിനെ അങ്ങനെ വിലവെക്കാനാകില്ല.

നമുക്ക് നേരിട്ട് സംസാരിക്കാമല്ലോ. കാര്യങ്ങളെ ഏറ്റവും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും കാണുന്നയാളാണ് ഞാന്‍. പിന്നെ, ദൈവമല്ലെ നമുക്ക് എല്ലാം തരുന്നത്. വിജയങ്ങളും അങ്ങനെ തന്നെയാണല്ലോ. എല്ലാം ദൈവത്തിന്റെ കയ്യിലാണ്,’ വിരാട് കോഹ്‌ലി പറഞ്ഞു.

പ്രസ് മീറ്റില്‍ കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലൂടെ കടന്നുപോയപ്പോള്‍ തനിക്ക് കൂട്ടായ ക്യാപ്റ്റന്‍ കൂളിനെ കുറിച്ചും വിരാട് സംസാരിച്ചിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറിയപ്പോള്‍ എം.എസ് ധോണി മാത്രമാണ് തനിക്ക് മെസേജ് അയച്ചതെന്നാണ് വിരാട് വെളിപ്പെടുത്തിയത്.

‘ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമൊഴിഞ്ഞപ്പോള്‍ ഒരേയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ആ വ്യക്തിയുടെ പേര് എം.എസ് ധോണിയെന്നാണ്.

പലരുടെയും കയ്യില്‍ എന്റെ നമ്പറുണ്ട്. പലരും എനിക്ക് പല നിര്‍ദേശങ്ങളും തരാറുണ്ട്. പക്ഷെ എം.എസ്. ധോണി മാത്രമാണ് എനിക്ക് അന്ന് മെസേജ് അയച്ചത്. മറ്റൊരാളും എനിക്ക് ടെക്‌സ്റ്റ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല.

ആരെങ്കിലും തമ്മില്‍ ആത്മാര്‍ത്ഥമായ കണക്ഷനും ബഹുമാനവുമുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാനാകൂ. ആ രണ്ട് പേര്‍ തമ്മില്‍ പരസ്പരം ഒരു ആശങ്കയുമുണ്ടാകില്ല. എനിക്ക് ധോണിയില്‍ നിന്നും ഒന്നും കിട്ടാനില്ല. അദ്ദേഹത്തിന് എന്റെ അടുത്ത് നിന്നും ഒന്നും കിട്ടാനില്ല. എനിക്കൊരിക്കലും അദ്ദേഹത്തോടൊപ്പം കളിക്കുമ്പോള്‍ ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. അദ്ദേഹത്തിനും എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു,’ വിരാട് പറഞ്ഞു.

Content Highlight: Virat Kohli slams critics

We use cookies to give you the best possible experience. Learn more