ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന താരം നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി ട്വന്റി സീരീസില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സീരീസിലെ രണ്ടാം മത്സരം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ച് നടന്നത്. സീരിസിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയായിരുന്നു ജയിച്ചതെങ്കില്‍ ഇന്നലെ നടന്ന രണ്ടാം മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കി.
മത്സരത്തിനിടെയുള്ള കോഹ്‌ലിയുടെ ചില ആക്ഷന്‍സാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാഗ്പൂരിലെ വി.സി.ബി സ്റ്റേഡിയത്തില്‍ മത്സരത്തിന് തൊട്ടുമുമ്പായി ആരാധകര്‍ കോഹ്‌ലിയെ നോക്കി ആര്‍.സി.ബി, ആര്‍.സി.ബി എന്ന് ആര്‍പ്പുവിളിച്ചപ്പോള്‍ തന്റെ ജഴ്‌സിയിലെ ഇന്ത്യയുടെ ലോഗോ ചൂണ്ടിക്കാണിക്കുന്ന കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഡ്രസിങ് റൂമില്‍ മത്സരം തുടങ്ങാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്ന കോഹ്‌ലിയെ, കണ്ട സ്റ്റേഡിയം തിങ്ങി നിറഞ്ഞ കാണികള്‍ ആര്‍.സി.ബി, ആര്‍.സി.ബി എന്ന് ആര്‍പ്പുവിളിക്കുകയായിരുന്നു. ഇത് കണ്ട കോഹ്‌ലി സ്റ്റേഡിയത്തെ നോക്കി ജഴ്‌സിയിലെ ഇന്ത്യന്‍ ലോഗോയിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. താന്‍ ഐ.പി.എല്ലിലല്ല, ഇന്ത്യന്‍ ടീമിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നതെന്ന് ആരാധകരെ ഓര്‍മിപ്പിക്കുകയായിരുന്നു കോഹ്‌ലി.
കോഹ്‌ലിയുടെ ആക്ഷന്‍ കണ്ട് കാണികള്‍ ഉടന്‍ ആര്‍.സി.ബി ആര്‍പ്പുവിളി നിര്‍ത്തുകയും കോഹ്‌ലിക്ക് വേണ്ടി ചിയര്‍ ചെയ്യുന്നതും വൈറലായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഈ സമയത്ത് ഡ്രസിങ് റൂമില്‍ കോഹ്‌ലിയുടെ തൊട്ടടുത്തുണ്ടായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ ഇതുകണ്ട് ചിരിക്കുകയായിരുന്നു.
അതേസമയം, ഇന്നലെ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ട്വന്റി ട്വന്റിയില്‍ ഇന്ത്യ ആറ് വിക്കറ്റിനായിരുന്നു ജയിച്ചത്. മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസ് 90 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു.
ആറ് പന്തില്‍ 11 റണ്‍സായിരുന്നു കോഹ് ലിയുടെ സമ്പാദ്യം. 20 പന്ത് നേരിട്ട് 46 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
എന്നാല്‍ അക്‌സര്‍ പട്ടേലൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.രണ്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടാന്‍ അക്‌സറിനായി.
Content Highlight: Virat Kohli shuts ‘RCB, RCB’ chants of fans by pointing toward Indian logo in his jersey, video surfaces