മുംബൈ: കൊല്‍ക്കത്തയില്‍ ചരിത്രം കുറിച്ച ഹാട്രിക്കുമായി കുല്‍ദീപ് യാദവ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറുകയായിരുന്നു. എന്നാല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചത് 92 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ് ലിയ്ക്കായിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം ചേതന്‍ ശര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ ഏകദിന ഹാട്രിക്ക് വിക്കറ്റ് നേടിയ താരമാണ് ചേതന്‍.
തനിക്ക് കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വിരാട് കുല്‍ദീപുമായി പങ്കിടാന്‍ തയ്യാറാകണമെന്നായിരുന്നു ചേതന്റെ പ്രതികരണം. കോഹ് ലി ടീമിനായി മികച്ച പ്രകടനം നടത്തുന്നത് ഇന്ന് സ്വാഭാവിക സംഭവം മാത്രമാണെന്നും എന്നാല്‍ കുല്‍ദീപിന്റെ നേട്ടം ചരിത്രമാണെന്നും അദ്ദേഹം താരതമ്യം ചെയ്യുന്നു.
26 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ ഹാട്രിക്ക് വിക്കറ്റ് നേടുന്നത്. നേരത്തെ ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങള്‍ ചേതനും കപില്‍ ദേവും മാത്രമാണ്.
അന്ന് താന്‍ ഹാട്രിക്ക് നേടിയപ്പോഴും സമാനമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും ചേതന്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സുനില്‍ ഗവാസ്‌കറായിരുന്നു. എന്നാല്‍ തന്റെ പുരസ്‌കാരം അദ്ദേഹം ചേതനുമായി പങ്കിട്ടു. 2009 ല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിരാടുമായി തന്റെ മാന്‍ ഓഫ് ദ മാച്ച് പങ്കിട്ടിരുന്നുവെന്നും ചേതന്‍ ഓര്‍മ്മിപ്പിച്ചു.
കുല്‍ദീപ് മാച്ച് വിന്നറാണെന്നും ഈഡന്‍ ഗാര്‍ഡനിലെ കുല്‍ദീപിന്റെ പ്രകടനം പ്രശംസാനാധീതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാട്രിക്കുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്നും മുന്‍ ഇന്ത്യന്‍ താരം പറയുന്നു.