ക്രിക്കറ്റിന്റെ രാജാവ് എന്നറിയപ്പെടുന്ന താരമാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലി. ബാറ്റിങ്, ഫീല്‍ഡിങ്, ലീഡര്‍ഷിപ്പ്, വിക്കറ്റിനിടയിലെ ഓട്ടം എന്നിവയിലെല്ലാം വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് വിരാട് കോഹ്‌ലി. ലോക ക്രിക്കറ്റില്‍ ഫിറ്റ്‌നെസിന്റെ ഒരു മുഖം തന്നെയാണ് എന്നും വിരാട്.
വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യയും വിരാട് കോഹ്‌ലിയും. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ ഒരിന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. മികച്ച ഫോമിലായിരുന്നു വിരാട് ബാറ്റ് വീശിയത്. സെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചില്ലെങ്കിലും 71 റണ്‍സ് നേടി താരം ആരാധകരെയും ടീമിനെയും സന്തോഷപ്പെടുത്തി.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി വിരാട് താന്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗോബ്ലറ്റ് സ്‌ക്വാട്ട് ചെയ്യുന്ന വീഡിയോയാണ് അദ്ദേഹം ഇന്സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘സ്‌ട്രെങ്ത്തിനായും മൊബിലിറ്റിക്കായും ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ട്? ഗോബ്ലെറ്റ് സ്‌ക്വാട്ട്’ എന്ന ക്യാപ്ഷനോടെയായിരുന്നു വിരാട് വീഡിയോ പങ്കുവെച്ചത്.
അതേസമയം വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം ജുലൈ 20നാണ് ആരംഭിക്കുക. രണ്ട് ടെസ്റ്റ് മത്സരം മാത്രമുള്ള പരമ്പരയില്‍ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര നേടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. പരമ്പര സമനിലയിലെത്തിക്കാന്‍ വിന്‍ഡീസും ശ്രമിക്കും.
ആദ്യ മത്സരത്തില്‍ അനായാസമായിട്ടായിരുന്നു ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ആദ്യ ദിനം തന്നെ 150 റണ്‍സ് നേടി എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ അരങ്ങേറ്റക്കാരന്‍ ജെയ്‌സ്വാളിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറിയുടെ ബലത്തില്‍ 421 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 130 റണ്‍സിന് പുറത്താക്കിയപ്പോള്‍ ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കുകയായിരുന്നു.