കോഹ്‌ലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയും? ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
Indian Cricket Team
കോഹ്‌ലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയും? ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd November 2021, 9:50 pm

ദുബായ്: ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിന് പിന്നാലെ വിരാട് കോഹ്‌ലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐയുമായി ഇതുസംബന്ധിച്ച് താരം ചര്‍ച്ചകള്‍ നടത്തിയതായി പി.ടി.ഐയെ ഉദ്ധരിച്ച് സ്പോര്‍ട്സ് ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്പോര്‍ട്സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ലോകകപ്പിലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ ക്യാപ്റ്റനെ കണ്ടത്താനുള്ള രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോഹ്‌ലി ബി.സി.സി.ഐയോട് നിര്‍ദേശിച്ചതായും വിവരമുണ്ട്.

ദുബായില്‍ നടക്കുക്കുന്ന ട്വന്റി 20 ലോകകപ്പിലെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് കോഹ്‌ലിയുടെ തീരുമാനം വരുന്നത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പത്ത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി.

അതേസമയം, തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ് വിരാട് കോഹ്‌ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉണ്ടായിരിക്കുകയാണ്.

വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ മുന്‍ താരം ഷോയിബ് അക്തര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന് മേല്‍ അമിത സമ്മര്‍ദ്ദം ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെതിരെ എന്തിനാണ് ഇത്രയും വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുന്‍ താരങ്ങളും ടീമിന് അമിത സമ്മര്‍ദ്ദം നല്‍കുകയാണെന്ന് അക്തര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Virat Kohli set to lose ODI captaincy as India on verge of early exit in T20 World Cup