| Friday, 1st September 2023, 9:25 am

ചരിത്രം കുറിക്കാന്‍ കിങ് കോഹ്‌ലി; ഇനിയുള്ള 55 മത്സരത്തില്‍ നിന്ന് 102 റണ്‍സെടുത്താലും സച്ചിനെ മറികടന്ന് ഒന്നാമനാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ കരിയര്‍ മൈല്‍ സ്റ്റോണ്‍ മറികടക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് വിരാടിന്റെ കണ്‍മുമ്പിലുള്ളത്. ഇനി വെറും 102 റണ്‍സ് കൂടി നേടിയാല്‍ വിരാടിന് ഈ സ്വപ്‌നനേട്ടം കൈവരിക്കാം.

വരും മത്സരങ്ങളില്‍ 13,000 റണ്‍സ് മാര്‍ക് പിന്നിടാനായാല്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് താരമാകാനും രണ്ടാമത് ഇന്ത്യന്‍ താരമാകാനും വിരാടിന് സാധിക്കും.

നിലവില്‍ 275 മത്സരത്തിലെ 265 ഇന്നിങ്‌സില്‍ നിന്നുമായി 12,898 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. 57.32 എന്ന ശരാശരിയിലും 93.62 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടിയത്. 2012 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സാണ് താരത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 46 സെഞ്ച്വറികളും 65 അര്‍ധ സെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ 1,211 തവണ ബൗണ്ടറി നേടിയ വിരാട് 138 തവണയാണ് സിക്‌സറിലൂടെ റണ്‍സ് കണ്ടെത്തിയത്.

13k ക്ലബ്ബിലെത്തുന്നതിനൊപ്പം ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം എന്ന റെക്കോഡ് നേട്ടവും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ഇനിയുള്ള 55 മത്സരത്തില്‍ നിന്ന് 102 റണ്‍സ് നേടിയാലും വിരാടിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് ഇതിലെ മറ്റൊരു വസ്തുത.

ഈ പട്ടികയില്‍ ഒന്നാമതുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 321 മത്സരത്തില്‍ നിന്നുമാണ് 13,000 റണ്‍സ് തികച്ചത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – രാജ്യം – 13,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച ഇന്നിങ്‌സുകള്‍ – 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ വര്‍ഷം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 321 – 2004 – പാകിസ്ഥാന്‍

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 341 – 2010 – ഇംഗ്ലണ്ട്

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 363 – 2014 – ഇംഗ്ലണ്ട്

സനത് ജയസൂര്യ – ശ്രീലങ്ക – 416 – 2009 – ഇന്ത്യ

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാകിസ്ഥാനെതിരെ സെഞ്ച്വറിയടിച്ച് (141) ഈ നേട്ടം സ്വന്തമാക്കിയതുപോലെ ഏഷ്യാ കപ്പില്‍ വിരാട് പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി ഈ റെക്കോഡ് തന്റെ പേരിലാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. കാന്‍ഡിയിലെ പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.

Content Highlight: Virat Kohli set to become the fastest player to score 13000 runs in ODIs

We use cookies to give you the best possible experience. Learn more