| Saturday, 22nd July 2023, 10:55 pm

ഫിഫ്റ്റിയടിച്ചപ്പോഴും റെക്കോഡ്, സെഞ്ച്വറിയടിച്ചപ്പോഴും റെക്കോഡ് അതും ചരിത്രത്തിലാദ്യം; ഇയാള്‍ക്ക് റെക്കോഡിട്ട് ബോറടിക്കുന്നില്ലേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലെ 29ാം സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 76ാം സെഞ്ച്വറിയുമാണ് വിരാട് ക്വീന്‍സ് പാര്‍ക്കില്‍ കുറിച്ചത്.

ഇതിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാടിന്റെ 500ാം മത്സരം കൂടിയാണിത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത് ഇന്ത്യന്‍ താരവും പത്താമത് മാത്രം താരവുമാണ് വിരാട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് വിരാടിന് മുമ്പ് ഈ നാഴികക്കല്ല് താണ്ടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ ഇവരാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഒരു അപൂര്‍വ റെക്കോഡിന് ഉടമയായിരിക്കുകയാണ് വിരാട്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി തികച്ചതോടെയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.

500ാം മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ഇതിന് മുമ്പേ 500ാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ താരം എന്ന റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു.

ഇതിന് പുറമെ 500 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുമായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വിരാടിന് സാധിച്ചു. സച്ചിന്‍ അടക്കമുള്ള ഇതിഹാസ താരങ്ങളെ പിന്തള്ളിയാണ് വിരാട് ഈ നേട്ടം കുറിച്ചത്.

കരിയറിലെ 499 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 75 സെഞ്ച്വറിയായിരുന്നു വിരാട് കോഹ്‌ലിക്കും സച്ചിനുമുണ്ടായിരുന്നത്. എന്നാല്‍ അഞ്ഞൂറാം മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ സച്ചിന് സാധിക്കാതെ വന്നതോടെയാണ് വിരാട് മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നത്.

500 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി- 76

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 75

റിക്കി പോണ്ടിങ് – 68

ജാക് കാലിസ് – 60

കുമാര്‍ സംഗക്കാര – 47

രാഹുല്‍ ദ്രാവിഡ് – 47

അതേസമയം, മൂന്നാം ദിവസം മത്സരം തുടരുമ്പോള്‍ വിന്‍ഡീസ് 63 ഓവറില്‍ 140ന് രണ്ട് എന്ന നിലയിലാണ്. 201 പന്തില്‍ 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും 30 പന്തില്‍ നാല് റണ്‍സുമായി ജോമല്‍ വാരികനുമാണ് ക്രീസില്‍.

അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാറും കയ്യടി നേടിയിരുന്നു. കിര്‍ക് മെക്കന്‍സിയെ ഇഷാന്‍ കിഷന്റെ കൈകളിലെചത്തിച്ചാണ് മുകേഷ് കുമാര്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

Content highlight: Virat Kohli scripts yet another record after scoring century in Queens Park

We use cookies to give you the best possible experience. Learn more