ആദ്യ താരവും ഏക താരവും; ഇതുവരെ പിറക്കാത്ത ചരിത്രമെഴുതി വിരാട് കോഹ്‌ലി
icc world cup
ആദ്യ താരവും ഏക താരവും; ഇതുവരെ പിറക്കാത്ത ചരിത്രമെഴുതി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 4:09 pm

2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. കളിച്ച ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

അതേസമയം ആദ്യ മത്സരങ്ങളില്‍ കാലിടറുകയും തുടര്‍ന്നങ്ങോട്ട് മികച്ച പ്രകടനം കാഴ്ചവെച്ചുമാണ് ഓസീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് കലാശപ്പരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ പ്രോട്ടിയാസിനെയാണ് കങ്കാരുക്കള്‍ തകര്‍ത്തത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ആരാധകര്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത് പുറത്തായി.

പിന്നാലെയെത്തിയ വിരാടിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്‌കോറിങ്ങിന് അടിത്തറയിട്ടു. എങ്കിലും മറ്റൊരു മത്സരത്തില്‍ കൂടി അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കാതെ രോഹിത് മടങ്ങി. 31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് അയ്യര്‍ നാല് റണ്‍സിന് പുറത്തായതോടെ അഹമ്മദാബാദ് മൂകമായി.

കെ.എല്‍. രാഹുലിനെ ഒപ്പം ചേര്‍ത്ത് വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വിരാട് ബാറ്റിങ് തുടരുന്നത്. ഇതിനിടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാടിനെ തേടിയെത്തിയിരിക്കുകയാണ്.

ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഒരു എഡിഷനില്‍ 750 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് വിരാട് കുറിച്ചത്. ഫൈനലില്‍ ഓസീസിനെതിരെ 39 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് വിരാട് അത്യപൂര്‍വ നേട്ടത്തിലേക്കെത്തിയത്.

നേരത്തെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും വിരാട് മറികടന്നിരുന്നു. സെമി ഫൈനല്‍ മത്സരത്തില്‍ 80 റണ്‍സ് നേടിയതിന് പിന്നാലെ 2003 ലോകകപ്പില്‍ സച്ചിന്‍ കുറിച്ച 673 റണ്‍സിന്റെ റെക്കോഡും വിരാട് മറികടന്നിരുന്നു.

അതേസമയം, നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 146 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 61 പന്തില്‍ 53 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 66 പന്തില്‍ 36 റണ്‍സടിച്ച കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content Highlight: Virat Kohli scripts history in World Cup Final