| Monday, 5th September 2022, 9:46 am

കുറെ പേരുടെയടുത്ത് നമ്പര്‍ ഉണ്ടായിരുന്നു, പക്ഷെ ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കൂടെ കളിച്ചവരില്‍ ഒരേയൊരാളേ എനിക്ക് മെസേജ് അയച്ചുള്ളു; വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

എം.എസ്. ധോണിയോടുള്ള തന്റെ സ്‌നേഹവും ആദരവും വിരാട് കോഹ്‌ലി എന്നും പ്രകടിപ്പിക്കാറുണ്ട്. എം.എസ്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനായി ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പലപ്പോഴായി വിരാട് പറഞ്ഞിട്ടുണ്ട്.

നിങ്ങളായിരിക്കും എന്നെന്നും എന്റെ ക്യാപ്റ്റനെന്ന് ധോണിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിരാട് പറഞ്ഞത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലൂടെ കടന്നുപോയപ്പോള്‍ തനിക്ക് കൂട്ടായ ക്യാപ്റ്റന്‍ കൂളിനെ കുറിച്ച് പറയുകയാണ് വിരാട്.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരത്തിന് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു വിരാട്. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറിയപ്പോള്‍ എം.എസ് ധോണി മാത്രമാണ് തനിക്ക് മെസേജ് അയച്ചതെന്നാണ് വിരാട് വെളിപ്പെടുത്തിയത്.

‘ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമൊഴിഞ്ഞപ്പോള്‍ ഒരേയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ആ വ്യക്തിയുടെ പേര് എം.എസ് ധോണിയെന്നാണ്.

പലരുടെയും കയ്യില്‍ എന്റെ നമ്പറുണ്ട്. പലരും എനിക്ക് പല നിര്‍ദേശങ്ങളും തരാറുണ്ട്. പക്ഷെ എം.എസ്. ധോണി മാത്രമാണ് എനിക്ക് അന്ന് മെസേജ് അയച്ചത്. മറ്റൊരാളും എനിക്ക് ടെക്‌സ്റ്റ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല.

ആരെങ്കിലും തമ്മില്‍ ആത്മാര്‍ത്ഥമായ കണക്ഷനും ബഹുമാനവുമുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാനാകൂ. ആ രണ്ട് പേര്‍ തമ്മില്‍ പരസ്പരം ഒരു ആശങ്കയുമുണ്ടാകില്ല.

എനിക്ക് ധോണിയില്‍ നിന്നും ഒന്നും കിട്ടാനില്ല. അദ്ദേഹത്തിന് എന്റെ അടുത്ത് നിന്നും ഒന്നും കിട്ടാനില്ല. എനിക്കൊരിക്കലും അദ്ദേഹത്തോടൊപ്പം കളിക്കുമ്പോള്‍ ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. അദ്ദേഹത്തിനും എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു,’ വിരാട് പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഫോമിലേക്ക് വിരാട് തിരിച്ചെത്തിയതിന്റെ കൂടി പശ്ചാത്തലത്തില്‍ ധോണിയെ കുറിച്ചുള്ള വിരാടിന്റെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഏറെ നാളായി ഫോം ഔട്ടിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ വിരാട് നല്‍കിയത്.

മാച്ചില്‍ പാകിസ്ഥാന്‍ ജയിച്ചെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന വിരാടിന്റെ അര്‍ധ സെഞ്ച്വറിയും ടീമിനെ ഒറ്റക്ക് കരകയറ്റാന്‍ നടത്തിയ ശ്രമങ്ങളും കോഹ്‌ലിയുടെ തിരിച്ചുവരവിന്റെ ഗംഭീരസൂചനകളായിരുന്നു.

Content Highlight: Virat Kohli says only M S Dhoni messaged him when he lost test captaincy

We use cookies to give you the best possible experience. Learn more