ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്ററാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ റെക്കോഡുകള്‍ സ്വന്തമാക്കാന്‍ തുടങ്ങിയ താരമായിരുന്നു വിരാട്.
2011 ലോകകപ്പ് ഫൈനലില്‍ വിരാട് നേടിയ 35 റണ്‍സ് ടീമിന് ഒരുപാട് പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അന്ന് ഒ്രരുപാട് ഭയപ്പെട്ടാണ് ക്രീസില്‍ നിന്നതെന്ന് പറയുകയാണ് വിരാട്. അദ്ദേഹത്തെ അന്ന് ഭയപ്പെടുത്തിയ ബൗളര്‍ മറ്റാരുമല്ലായിരുന്നു. ഒരു കാലത്ത് ബാറ്റര്‍മാരെ വിറപ്പിക്കുന്ന യോര്‍ക്കറുകള്‍ എറിഞ്ഞുകൊണ്ടിരുന്ന ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയായിരുന്നു അത്.
ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള ചാറ്റ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. മലിംഗയുടെ യോര്‍ക്കറിനെയായിരുന്നു അന്ന് ഭയന്നതെന്നായിരുന്നു വിരാട് പറഞ്ഞത്.
‘2011 ലോകകപ്പിന്റെ ഫൈനലില്‍ അദ്ദേഹത്തിന്റെ യോര്‍ക്കറുകളെ ഞാന്‍ ഭയപ്പെട്ടിരുന്നു. അന്ന് ക്രീസില്‍ ഞാന്‍ പരിഭ്രാന്തനായിരുന്നു. പക്ഷേ രണ്ടുമൂന്ന് പന്തുകള്‍ക്ക് ശേഷം ഞാന്‍ സെറ്റില്‍ഡായി,’ വിരാട് പറഞ്ഞു.
2011 ലോകകപ്പ് കളിക്കുമ്പോള്‍ വിരാടിന്റെ പ്രായം 22 വയസായിരുന്നു. പിന്നീട് ലെജന്‍ഡറി ലെവലില്‍ അദ്ദേഹം വളരുകയായിരുന്നു.
2012ല്‍ ലങ്കക്കെതിരെ 40 ഓവറില്‍ 321 റണ്‍സ് നേടി വിജയിക്കണമെന്ന സാഹചര്യത്തില്‍ വിരാട് 86 പന്തില്‍ 133 റണ്‍സ് നേടിയിരുന്നു. വിരാടിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇത്. ഈ ഇന്നിങ്‌സില്‍ മലിംഗയെ അദ്ദേഹം കണക്കിന് തല്ലിയിരുന്നു. ആ മത്സരത്തില്‍ 7.4 ഓവറില്‍ 96 റണ്‍സാണ് മലിംഗ വിട്ടു നല്‍കിയത്.
മലിംഗയെ അദ്ദേഹത്തിന്റെ മികച്ച കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തല്ലിതകര്‍ത്തത് വിരാട് കോഹ്‌ലി തന്നെയാണ്.