| Wednesday, 24th August 2022, 10:02 pm

ഞാന്‍ അടിപൊളിയായിട്ടാണ് ബാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയാം, എനിക്കെതിരെ ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രശ്‌നവും നിലവിലില്ല: വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ഏതൊരു ബൗളറേയും ഭയമേതും കൂടാതെ ആക്രമിച്ചുകളിക്കുന്ന വിരാടിന്റെ അഗ്രഷന്‍ നിറഞ്ഞ ആറ്റിറ്റിയൂഡും കളിരീതിയും ഇന്ത്യക്ക് എന്നും തുണയായി നിന്നിരുന്നു.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ടോപ് സ്റ്റാറായി തന്നെ നില്‍ക്കുമ്പോഴും ഫാബ് ഫോറില്‍ ഒരാളായി തുടരുമ്പോഴും വിരാടിന്റെ മോശം ഫോം താരത്തെ പിന്നോട്ട് വലിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി തന്റെ പ്രതാപകാലത്തിന്റെ നിഴലിനടുത്ത് പോലും വിരാടിന് എത്താന്‍ സാധിക്കുന്നില്ല.

ഇന്ത്യയുടെ റണ്‍മെഷീന്‍ ഒരു സെഞ്ച്വറി നേടിയിട്ട് ആയിരം ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2019ല്‍ സെഞ്ച്വറി നേടിയ അദ്ദേഹം തന്റെ 71ാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഏഷ്യാ കപ്പില്‍ നിര്‍ണായക ശക്തിയാവാന്‍ കെല്‍പുള്ള വിരാടിന് തന്റെ ഫോം വീണ്ടെടുത്താല്‍ മാത്രമേ രക്ഷയുള്ളൂ. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ ഭാവിക്കും, ഇന്ത്യന്‍ ടീമിന് തന്നെയും വിരാടിന്റെ ഫോം നിര്‍ണായകമാവും.

വരാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി തന്റെ കളി രീതിയെ കുറിച്ച് പറയുകയാണ് വിരാട് കോഹ്‌ലി. താന്‍ മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്നും എന്നാല്‍ ചില സമയങ്ങളില്‍ മാത്രം താളം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇംഗ്ലണ്ടില്‍ കണ്ടത് ഒരു മാതൃകയാണ്. ഞാന്‍ എന്താണ് തരണം ചെയ്യേണ്ടതെന്ന് മനസിലാക്കുന്നതായിരുന്നു അവിടെ കണ്ടത്. ഇപ്പോള്‍ പറഞ്ഞതുപോലെ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കാന്‍ മാത്രം ഒന്നും തന്നെയില്ല.

എന്നെ സംബന്ധിച്ച് ഇത് പ്രൊസസ് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കാരണം ഞാന്‍ നന്നായി തന്നെയാണ് ബാറ്റ് ചെയ്യുന്നത് എന്ന കാര്യം എനിക്ക് വ്യക്തമാണ്.

ആ റിഥം തിരികെയെത്തുന്നതായി തോന്നിയാല്‍, എനിക്കറിയാം ഞാന്‍ നന്നായി തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്ന്. എന്നെ സംബന്ധിച്ച് ഇപ്പോഴുള്ളത് ഒരു പ്രശ്‌നമല്ല.

എന്നാല്‍ ഇംഗ്ലണ്ടില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് എനിക്ക് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ എന്നെ എക്‌സ്‌പോസ് ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ പരിശ്രമിക്കേണ്ടി വന്നു. അത് ഞാന്‍ മറികടന്നിരിക്കുകയാണ്,’ വിരാട് പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പിനായി മികച്ച മുന്നൊരുക്കമാണ് വിരാട് നടത്തുന്നത്. പുതിയ ബാറ്റുമായിട്ടായിരിക്കും താരം ഏഷ്യാ കപ്പിനിറങ്ങുക.

നിലവില്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചുള്ള എം.ആര്‍.എഫ് ജീനിയസ് ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പിനായി വിരാട് പ്രത്യേക ഗോള്‍ഡ് വിസാര്‍ഡ് നിലവാരമുള്ള ലിമിറ്റഡ് എഡിഷന്‍ ബാറ്റാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.

ആഡംബരപൂര്‍ണമായ ഇംഗ്ലീഷ് വില്ലോ തടികൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 22,000 രൂപ വിലവരുന്ന ബാറ്റാണിത്.

Content Highlight: Virat Kohli says he Knows that he is batting well

We use cookies to give you the best possible experience. Learn more