ടൂര്‍ണമെന്റില്‍ തന്റെ മൂന്നാമത് അര്‍ധ സെഞ്ച്വറിയും രണ്ടാമത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയാണ് കോഹ്‌ലി ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുന്നത്. കുറച്ചുകാലം മുമ്പ് കണ്ട കോഹ്‌ലിയെ അല്ല ഇപ്പോള്‍ ക്രിക്കറ്റ് ലോകം കാണുന്നത്. ഫോം ഔട്ടിന്റെ പിടിയിലകപ്പെട്ട കോഹ്‌ലി റണ്‍ നേടാന്‍ പാടുപെടുകയും നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ വിരാട് എന്ന ക്രിക്കറ്ററുടെ തിരിച്ചുവരവിനാണ് കായിക ലോകം ഒന്നടങ്കം സാക്ഷ്യം വഹിച്ചത്. ഏഷ്യാ കപ്പില്‍ തുടങ്ങിയ ജൈത്രയാത്ര ഇപ്പോള്‍ ടി-20 ലോകകപ്പിലും തുടരുകയാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. മഹേല ജയവര്‍ധനെയുടെ 1016 റണ്‍സിന്റെ റെക്കോഡ് തകര്‍ത്തായിരുന്നു കോഹ്‌ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
തങ്ങളുടെ ആ പഴയ വിരാടിനെ തിരികെ ലഭിച്ചു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ബംഗ്ലാദേശിനെതിരായ മത്സര ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഇക്കാര്യം ചോദിക്കാതിരിക്കാന്‍ ഹര്‍ഷ ഭോഗ്ലേക്ക് സാധിക്കുമായിരുന്നില്ല.
‘ആ പഴയ വിരാട് കോഹ്‌ലി മടങ്ങിയെത്തിയോ?’ എന്നായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യം. എന്നാല്‍ രസകരമായ രീതിയിലായിരുന്നു കോഹ്‌ലി ഇതിന് മറുപടി പറഞ്ഞത്.
‘വളരെ ക്ലോസായ ഒരു മത്സരമായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാളും വളരെ ക്ലോസായ മത്സരം തന്നെയായിരുന്നു ഇത്. എന്നെ സംബന്ധിച്ച് ബാറ്റിങ്ങില്‍ വളരെ മികച്ച ഒരു ദിവസം തന്നെയായിരുന്നു ഇത്. ഞാന്‍ സ്വയം മത്സരത്തിലേക്കിറങ്ങി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഞാന്‍ ബാറ്റിങ്ങിനിറങ്ങിയത് സമ്മര്‍ദ്ദമേറിയ ഒരു ഘട്ടത്തിലായിരുന്നു. ബൗളിങ് വളരെ വ്യക്തമായി നിരീക്ഷിക്കുകയായിരുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയാണെങ്കില്‍ വളരെ സന്തോഷം നിറഞ്ഞ ഒരു സ്ഥലത്താണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഒന്നിനെയും ഒന്നിനോടും താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു,’ കോഹ്‌ലി പറഞ്ഞു.
നേരത്തെ, ടോസ് നേടിയ ബംഗ്ലാ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാടിന്റെയും ഇന്നിങ്സിന്റെ ബലത്തില്‍ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു.
44 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സ് നേടിയ വിരാടും 32 പന്തില്‍ നിന്നും 50 റണ്‍സുമായി രാഹുലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തില്‍ നിന്നും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയും നല്‍കി.
മൂവരുടെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 184ന് ആറ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബംഗ്ലാ കടുവകള്‍ മുന്നേറുമ്പോള്‍ മഴയെത്തുകയും മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു.
മഴക്ക് ശേഷം 16 ഓവറില്‍ 151 എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ലിട്ടണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശിന്റെ വിജയവും അകന്നുപോവുകയായിരുന്നു.