| Wednesday, 11th May 2022, 7:50 pm

ഡിവില്ലിയേഴ്‌സ് ആര്‍.സി.ബിയില്‍ തിരിച്ചെത്തും; ടീം സ്ട്രാറ്റജി അബദ്ധത്തില്‍ വെളിപ്പെടുത്തി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തേയും മികച്ച താരമാണ് മിസ്റ്റര്‍ 360 എന്ന് ക്രിക്കറ്റ് ലോകം ആദരപൂര്‍വം വിളിക്കുന്ന എ.ബി.ഡിവില്ലിയേഴ്‌സ്. ടീമുമായും വിരാട് കോഹ്‌ലിയുമായും ഏറെ വൈകാരികമായ ബന്ധമായിരുന്നു താരം കാത്തു സൂക്ഷിച്ചിരുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചിരുന്നു. ഇതോടെയാണ് വൈകാരികമായി ഏറെ ബന്ധമുള്ള ടീമിനോടും താരങ്ങളോടും ഡിവില്ലിയേഴ്‌സ് ബൈ ബൈ പറഞ്ഞത്.

ഇപ്പോഴിതാ, താരം വീണ്ടും റോയല്‍ ചാലഞ്ചേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി.

ടീമിന്റെ മാസ്‌കോട്ടിലൊരാളായ മിസ്റ്റര്‍ നാഗ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഡിവില്ലിയേഴ്‌സിനെ കുറിച്ചുള്ള നാഗ്‌സിന്റെ ചോദ്യത്തിന് ഉത്തരമായാണ് താരത്തിന്റെ വായില്‍ നിന്നും ഇക്കാര്യം അറിയാതെ വീണുപോയത്.

‘ഞാന്‍ ഡിവില്ലിയേഴ്സിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹവുമായി എപ്പോഴും കോണ്‍ടാക്ട് സൂക്ഷിക്കാറുണ്ട്. ഡിവില്ലിയേഴ്സ് എനിക്കും മെസേജ് അയയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം അദ്ദേഹം ഗോള്‍ഫ് കാണാന്‍ യു.എസ്സില്‍ പോയിരിക്കുകയായിരുന്നു. അഗസ്ത മാസ്‌റ്റേഴ്‌സ് എന്നാണ് അതിന് പറയുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഡിവില്ലിയേഴ്‌സ് അവിടെ പോയിരിക്കുന്നത്.

ഞങ്ങള്‍ എന്നും എപ്പോഴും അടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ്. ഇതുമാത്രമല്ല ടീമിന്റെ എല്ലാ മത്സരങ്ങളും അദ്ദേഹം ശ്രദ്ധാപൂര്‍വം കാണാറുമുണ്ട്. അടുത്ത വര്‍ഷം അദ്ദേഹം എന്തെങ്കിലും ചുമതലയുമായി ടീമിലേക്ക് മടങ്ങിയെത്തുമെന്നും ഇവിടെയും ഇതുതന്നെ ചെയ്യുമെന്നുമാണ് ഞാന്‍ കരുതുന്നത്,’ വിരാട് പറയുന്നു.

തനിക്ക് പറ്റിയ അബദ്ധം വിരാട് മനസിലാക്കുന്നുമുണ്ട്.

അടുത്ത വര്‍ഷം ഡിവില്ലിയേഴ്‌സ് ടീമിനൊപ്പം ചേര്‍ന്നാല്‍ ടീം എന്ന നിലയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒന്നുകൂടി ശക്തമാവുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവിലെ സീസണില്‍ പ്ലേ ഓഫില്‍ കടക്കാനുള്ള മുന്നേറ്റമാണ് ആര്‍.സി.ബി നടത്തുന്നത്. വരാനിരിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നതാണ് റോയല്‍ ചാലഞ്ചേഴ്സിന്റെ ലക്ഷ്യം. നിലവില്‍ 12 മത്സരത്തില്‍ നിന്നും 7 ജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ് ബെംഗളൂരു.

പോയിന്റ് പട്ടികയില്‍ എട്ടാമതുള്ള പഞ്ചാബ് കിംഗ്സുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ടൂര്‍ണമെന്റില്‍ നിന്നും ഏറെക്കുറെ പുറത്തായ കിംഗ്സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല, എന്നാല്‍ ആര്‍.സി.ബിയുടെ പ്ലേ ഓഫ് മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ അവര്‍ക്കാകും.

അതുകൊണ്ടുതന്നെ അടുത്ത മത്സരം ആധികാരികമായി തന്നെ ജയിച്ച് പ്ലേ ഓഫ് സജീവമാക്കാനാവും ആര്‍.സി.ബി ശ്രമിക്കുന്നത്.

Content Highlight: Virat Kohli says AB Devillers will return to RCB

We use cookies to give you the best possible experience. Learn more