| Thursday, 18th January 2024, 7:46 pm

ആ സേവ് ആണ് ഇന്ത്യയെ രക്ഷിച്ചത്; ആറ് റണ്‍സിന്റെ റേെക്കാഡ് നഷ്ടപ്പെട്ടാലും അവന്‍ ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരെ ബെംഗളൂരുവില്‍ നടന്ന അവസാന ടി ട്വന്റിയില്‍ ഇന്ത്യ നാടകീയമായ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യ നേടിയ 212 റണ്‍സിന് മുകളില്‍ സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സ് സമനില പിടിക്കുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 11 റണ്‍സില്‍ രണ്ട് വിക്കറ്റും നഷ്ടമാകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. രവി ബിഷ്ണോയിയുടെ മികച്ച ഓവറിലാണ് ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ഇന്ത്യയെ രോഹിത് ശര്‍മ തന്റെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നായകന് പുറമേ റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു വിരാട് കോഹ്‌ലിയുടെത്. ഫരീദ് അഹമ്മദ് എറിഞ്ഞ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായിരുന്നു താരം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം താരത്തിന് ടി20യില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ ആറ് റണ്‍സിന് കോഹ്‌ലിക്ക് ഒരു റെക്കോഡും നഷ്ടമായിരുന്നു. ടി20യില്‍ 12000 റണ്‍സ് തികക്കാനുള്ള അവസരമാണ് കോഹ്‌ലിക്ക് നഷ്ടമായത്.

പക്ഷെ മത്സരത്തില്‍ നിര്‍ണായകമായ ഒരു ക്യാച്ച് സേവ് ചെയ്തതിലൂടെ വിരാട് തന്റെ ഹീറോയിസം കാണിക്കുകയായിരുന്നു. 20 പന്തില്‍ 48 റണ്‍സ് വിജയിക്കാനിരിക്കെ ജന്നത് ജിന്നയുടെ ഒരു തകര്‍പ്പന്‍ സിക്‌സര്‍ സേവ് ചെയ്തുകൊണ്ടാണ് കോഹ്‌ലി ഇന്ത്യയുടെ രക്ഷകനായത്. 165 റണ്‍സില്‍ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ബാറ്ററുടെ സിക്‌സര്‍ ബൗണ്ടറി ലൈനില്‍ നിന്ന് കോഹ്‌ലി തട്ടിയിട്ടത്. ഇതേ തുടര്‍ന്ന് സീരീസിലെ ഏറ്റവും മികച്ച സേവിനുള്ള ബഹുമതിയും താരത്തെ തേടിയെത്തിയിരിക്കുകയാണ്.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു.

Content Highlight: Virat Kohli Saved A six

We use cookies to give you the best possible experience. Learn more