| Friday, 22nd September 2023, 12:20 pm

2011ലെ ഐതിഹാസിക വിജയം ഞങ്ങളുടെ ഓർമ്മകളിലുണ്ട്, ഈ ലോകകപ്പിൽ ആരാധകർക്ക് പുതിയ ഓർമ്മകൾ സമ്മാനിക്കും; വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ലോകകപ്പിൽ ആരാധകർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലി.

ഒക്ടോബർ അഞ്ചിനാണ് ലോക ക്രിക്കറ്റ്‌ മാമാങ്കം ആരംഭിക്കുന്നത്. ആരാധകർക്കായി മികച്ച ഓർമ്മകൾ സൃഷ്ടിക്കാനാണ് ടീം ആഗ്രഹിക്കുന്നതെന്ന് വിരാട് പറഞ്ഞത്.

2011ൽ ഇന്ത്യ സ്വന്തം മണ്ണിൽ നേടിയ അവിസ്മരണീയ ലോകകപ്പ് വിജയത്തിന്റെ ഓർമ്മകളും ആ സമയത്ത് ടീമിന്റെ കൂടെ ടൂർണമെന്റിൽ പങ്കെടുത്ത ആവേശത്തെക്കുറിച്ചും കോഹ്‌ലി പങ്കുവെച്ചു.

‘ആരാധകരുടെ ആവേശവും അചഞ്ചലവുമായ പിന്തുണയാണ് ഞങ്ങൾക്ക് ലോകകപ്പ് നേടാനുള്ള ഊർജ്ജം നൽകുന്നത്. 2011 ലോകകപ്പിലെ ഐതിഹാസിക വിജയം ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. ഞങ്ങളുടെ ആരാധകർക്ക് പുതിയ ഓർമ്മകൾ സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആരാധകരുടെ വികാരങ്ങൾ പൂർണ്ണമായും നിലനിൽക്കുന്ന ഈ ടൂർണമെന്റ് ഭാഗമാകാൻ കഴിഞ്ഞത് ഞാൻ സന്തോഷവാനാണ്. അവരുടെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ എല്ലാം നൽകും,’ കോഹ്‌ലി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

കഴിഞ്ഞ ഏഷ്യാകപ്പ് ടൂർണമെന്റിൽ ശ്രീലങ്കയെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യ കിരീടം നേടിയിരുന്നു. ഇത് ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്.

ഏഷ്യാ കപ്പിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ അവിസ്മരണീയമായസെഞ്ച്വറി താരം നേടിയിരുന്നു. 94 പന്തിൽ 122 റൺസാണ് താരം നേടിയത്. ഒൻപത് ഫോറുകളുടേയും മൂന്ന് പടു കൂറ്റൻ സിക്സറുകളുടേയും അകമ്പടിയോടുകൂടിയായിരുന്നു ഈ ഇന്നിങ്‌സ്.

ലോകകപ്പിലും സൂപ്പർ താരത്തിന്റെ ബാറ്റിൽ നിന്നും റൺ ഒഴുകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നീണ്ട 13 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിൽ എത്തി നിൽക്കുമ്പോൾ ധോണിക്ക് ശേഷം രോഹിത്തിന്റെ കീഴിൽ ഇന്ത്യ കിരീടം സ്വന്തമാക്കും എന്ന പ്രതീഷയിലാണ് ആരാധകർ.

ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Virat Kohli said that this World Cup will give fans new memories.

We use cookies to give you the best possible experience. Learn more