ട്വന്റി 20 ക്രിക്കറ്റിലെ തന്റെ സാധ്യത കുറഞ്ഞുവരുന്നതായി പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ അങ്ങനെ കരുതുന്നില്ലെന്നും വിരാട് കോഹ്‌ലി. വിടവുകള്‍ അടച്ച് മുന്നോട്ടുപോകാന്‍ പരമാവധി ശ്രമിക്കുമെന്നും താരം പറഞ്ഞു.
ഐ.പി.എല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോള്‍ എന്റെ കളിയില്‍ എനിക്ക് നല്ല ആത്മ വിശ്വാസം തോന്നുന്നുണ്ട്. എന്റെ ടി20 ക്രിക്കറ്റിലെ സാധ്യത കുറയുകയാണെന്ന് ധാരാളം ആളുകള്‍ കരുതുന്നു, എന്നാല്‍ ഞാന്‍ അങ്ങനെ കരുതുന്നില്ല. ഞാന്‍ വിടവുകള്‍ അടിച്ചാണ് എന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
വര്‍ത്തമാനകാലത്ത് സ്ഥിരതയുണ്ടാക്കുക എന്നതാണ് പ്രധാനം. കളിക്ക് മുമ്പ് മഴ ഉണ്ടായിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല, ടീമിന് വേണ്ടി ഞാന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യാറ്,’ കോഹ്‌ലി പറഞ്ഞു.
ഗുജറാത്തിനെതിരെ ഓപ്പണറായി ഇറങ്ങി 60 പന്തിലാണ് കോഹ്‌ലി 100 കടന്നത്. 165.57 സ്ട്രൈക് റേറ്റില്‍ 13 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിലും ബെംഗളൂരു നായകന്‍ സെഞ്ച്വറിയടിച്ചിരുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തിലായിരുന്നു താരം സെഞ്ച്വറി തികച്ചിരുന്നത്. അവസാന മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളോടെ തുടക്കത്തില്‍ പിന്നിലായിരുന്ന മുപ്പത്തിനാലുകാരനായി കോഹ്ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ രണ്ടാമതാണ്.
ഐ.പി.എല്ലില്‍ ഏറ്റവും സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ കോഹ്ലി സ്വന്തമാക്കി. 14 ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ചുറികളുമടക്കം 634 റണ്‍സാണ് കോഹ്‌ലി ഈ സീസണില്‍ നേടിയത്.