| Tuesday, 14th February 2023, 9:15 am

പല തവണ മികച്ച താരമായവന്‍ ഇപ്പോള്‍ മോശം താരങ്ങളുടെ പട്ടികയില്‍; വിരാടിന് കണ്ടക ശനി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുനടത്തിയ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് ഫോര്‍മാറ്റിലെ മോശം കാലമൊഴിയുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ താരം താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

ഇന്ത്യയുടെ കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ വിരാടിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ-സൗത്ത് ആഫ്രിക്ക, ഇന്ത്യ-ബംഗ്ലാദേശ് പരമ്പരകളിലൊന്നും വിന്റേജ് വിരാട് കോഹ്‌ലിയുടെ പ്രകടനം ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല.

2019ലാണ് വിരാട് കോഹ്‌ലി ടെസ്റ്റില്‍ അവസാനമായി മൂന്നക്കം കണ്ടത്. ബംഗ്ലാദേശായിരുന്നു അന്ന് വിരാടിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലും വിരാട് കോഹ്‌ലിക്ക് കാര്യമായൊന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അഞ്ചാമനായി കളത്തിലിറങ്ങിയ വിരാട് 26 പന്ത് നേരിട്ട് 12 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് ബൗണ്ടറിയുള്‍പ്പെടെ 46.15 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാട് റണ്‍സ് സ്വന്തമാക്കിയത്.

എന്നാലിപ്പോള്‍, പല തവണ ടെസ്റ്റിലെ മികച്ച താരമായ, മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഫാബ് ഫോറിനെ ഡിഫൈന്‍ ചെയ്യുന്ന വിരാട് കോഹ്‌ലിയെ തേടി ഒരു മോശം റെക്കോഡുമെത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലിറങ്ങി ഏറ്റവും കുറവ് ആവറേജുള്ള താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് എത്തിപ്പെട്ടിരിക്കുന്നത്.

25.80 ആണ് നിലവില്‍ വിരാടിന്റെ ടെസ്റ്റ് ആവറേജ്

2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ടെസ്റ്റ് ശരാശരി (ടോപ് 7ല്‍ ബാറ്റ് ചെയ്യുമ്പോള്‍, മിനിമം 25 ഇന്നിങ്‌സ്)

22.83 – ജേസണ്‍ ഹോള്‍ഡര്‍

24.08 – അജിന്‍ക്യ രഹാനെ

24.58 – ജോണ്‍ കാംബെല്‍

25.80 – വിരാട് കോഹ്‌ലി

27.00 – റോറി ബേണ്‍സ്

ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും വിരാടിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. സ്ഥിരമായി സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്ന വിരാട് ആരാധകരുടെ പഴി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

2022 മുതല്‍ ലഭിച്ച സ്ലിപ്പില്‍ ക്യാച്ചെടുക്കാന്‍ ലഭിച്ച 14 ചാന്‍സില്‍ ആറെണ്ണമാണ് വിരാട് വിട്ടുകളഞ്ഞത്. ഡ്രോപ്പിങ് പേര്‍സന്റേജാകട്ടെ ഏകദേശം 50 ശതമാനത്തോട് അടുത്ത്.

വിരാടിന്റെ മോശം പ്രകടനം ആരാധകരെയും നിരാശരാക്കുന്നുണ്ട്. വരും മത്സരങ്ങളില്‍ ബാറ്റുകൊണ്ട് കണക്കുതീര്‍ക്കുന്ന തങ്ങളുടെ പഴയ വിരാട് കോഹ്‌ലിയെ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Virat Kohli’s worst batting average since 2020

We use cookies to give you the best possible experience. Learn more