ഏകദിനത്തില്‍ 13,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 102 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ വിരാടിന് 13,000 റണ്‍സ് എന്ന കരിയര്‍ മൈല്‍ സ്‌റ്റോണ്‍ പിന്നിടാം.
ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത് താരവും രണ്ടാമത് ഇന്ത്യന്‍ താരവുമാണ് വിരാട്. ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോഴും ഒന്നാമന്‍ വിരാട് തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെക്കാള്‍ കാതങ്ങളകലെയാണ് വിരാട്.
വിരാടിന്റെ റെക്കോഡ് നേട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ രസകരമായ മറ്റൊരു റെക്കോഡിലും നമ്മുടെ കണ്ണുടക്കും. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യക്കായി രണ്ട് പൊസിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് ഇതിലൊന്ന്.
ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയ വിരാട് തന്നെയാണ് കഴിഞ്ഞ പതിറ്റാണ്ട് മുതല്‍ നാലാം നമ്പറിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയതും. ഈ പൊസിഷനില്‍ 24 വിവിധ ബാറ്റര്‍മാരെയാണ് ഇന്ത്യ പരീക്ഷിച്ചത് എന്ന കാര്യവും ഇതിനൊപ്പം ചേര്‍ത്തുവെക്കണം.
തന്റെ നാച്ചുറല്‍ പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങി 60.40 എന്ന ശരാശരിയില്‍ 10,767 റണ്‍സാണ് നേടിയത്. 39 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയുമാണ് മൂന്നാം നമ്പറില്‍ ഇറങ്ങി വിരാട് സ്വന്തമാക്കിയത്.
നാലാം നമ്പറിലേക്ക് വരുമ്പോള്‍ അവിടെയും ഒന്നാമന്‍ വിരാട് കോഹ്‌ലി തന്നെയാണ്. കഴിഞ്ഞ ദശാബ്ദം മുതലിങ്ങോട്ട് നാലാം നമ്പറില്‍ ഇറങ്ങി 53 ശരാശരിയില്‍ 1,481 റണ്‍സാണ് വിരാട് നേടിയത്.
2008 മുതല്‍ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിന്റെ ഭാഗമായ വിരാട് ലോവര്‍ മിഡില്‍ ഓര്‍ഡര്‍ മുതല്‍ ഓപ്പണറുടെ റോളില്‍ വരെ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. തന്റെ കരിയറില്‍ വിവിധ പൊസിഷനുകളില്‍ ഇറങ്ങി വിരാട് നേടിയ റണ്‍സ് പരിശോധിക്കാം.
ബാറ്റിങ് പൊസിഷന്‍ | ഇന്നിങ്സ് | നോട്ട് ഔട്ട് | സെഞ്ച്വറി | അര്‍ധ സെഞ്ച്വറി | ഡക്ക് | ഉയര്‍ന്ന സ്കോര്‍ | റണ്‍സ് | ആവറേജ് | സ്‌ട്രൈക്ക് റേറ്റ് |
ഓപ്പണർ | 7 | 0 | 0 | 1 | 0 | 54 | 166 | 23.71 | 65.10 |
3 | 210 | 39 | 39 | 55 | 15 | 183 | 10,777 | 60.21 | 94.71 |
4 | 39 | 7 | 7 | 8 | 0 | 139* | 1,767 | 55.22 | 90.66 |
5 | 4 | 0 | 0 | 1 | 0 | 80 | 127 | 31.75 | 83.01 |
6 | 1 | 0 | 0 | 0 | 0 | 23* | 23 | 209.09 | |
7 | 4 | 0 | 0 | 0 | 0 | 27 | 38 | 12.67 | 131.03 |
ആകെ | 245 | 40 | 46 | 65 | 15 | 12,898 | 57.32 | 93.63 |
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് വിരാടിന് കളിക്കാന്‍ സാധിച്ചത്. ആ മത്സരത്തിലാണെങ്കില്‍ ബാറ്റിങ്ങിനിറങ്ങാനും വിരാടിന് സാധിച്ചിരുന്നില്ല.
വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് വിരാട് ഇനി ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തുക. ആ ടൂര്‍ണമെന്റില്‍ പല റെക്കോഡുകളും തകരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Virat Kohli’s unique record