ഓഗസ്റ്റ് 27ന് തുടങ്ങാനിരിക്കുന്ന ഏഷ്യാ കപ്പാണ് ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിലെ അടുത്ത ടാര്‍ഗെറ്റ്. ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സ്‌ക്വാഡിലെ പ്രധാന ഘടകമാണ്. ഏറെ നാളായി ഫോം ഔട്ടില്‍ തുടരുന്ന വിരാടിന്റെ തിരിച്ചുവരവ് പാകിസ്ഥാനെതിരായ മത്സരത്തില്‍ സംഭവിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
2019ല്‍ തന്റെ എഴുപതാം സെഞ്ച്വറി നേടിയ വിരാട്, ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ചയ്ക്ക് ശേഷം പാകിസ്ഥാനെതിരെ തന്റെ 71ാം സെഞ്ച്വറി കുറിക്കുമെന്ന് തന്നെയാണ് ആരാധകരൊന്നാകെ ഉറച്ചുവിശ്വസിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ വിരാടിന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയോടുള്ള സ്‌നേഹവും ബഹുമാനവും ഏറെ പ്രശസ്തമാണ്. ധോണിയോടൊപ്പമുള്ള സമയം തന്റെ കരിയറിലെ പ്രധാന നിമിഷങ്ങളായിരുന്നുവെന്ന് കോഹ്‌ലി പലതവണ പറഞ്ഞിട്ടുണ്ട്.
ധോണിയുടെ ഡെപ്യൂട്ടിയായിട്ടായിരുന്നു കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ ചുമതലകളേറ്റുതുടങ്ങിയത്. ഇക്കാലമാണ് താന്‍ കരിയറില്‍ ഏറെ ആസ്വദിച്ചതെന്ന് പറയുകയാണ് വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആവുന്നതായിരുന്നു എന്റെ കരിയറിലെ ഏറ്റവും സന്തോഷവും ആവേശവും നിറഞ്ഞ സമയം. നമ്മുടെ പാര്‍ട്‌നര്‍ഷിപ്പുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും, 7+18,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ഒരു മത്സരത്തിനിടെ ഇരുവരും തമ്മില്‍ മികച്ച പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന് ശേഷമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്.
കോഹ്‌ലി അവസാനം കുറിച്ച ‘7+18’ എന്നതും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. 7 എന്നത് എം.എസ്. ധോണിയുടെ ജേഴ്‌സി നമ്പറും, 18 വിരാടിന്റെ ജേഴ്‌സി നമ്പറുമാണ്. ഇത് പരസ്പരം കൂട്ടുമ്പോള്‍ കഴിഞ്ഞ ദിവസത്തെ തീയതിയായ 25 ലഭിക്കുകയും ചെയ്യും.
വിരാടിന്റെ പോസ്റ്റ് ഒരേ സമയം ധോണി ആരാധകരും കോഹ്‌ലി ആരാധകരും ആഘോഷമാക്കുന്നുണ്ട്.
2014ല്‍ ധോണിയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സിയും 2017ല്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയും ഏറ്റെടുക്കുന്നതുവരെ ഇന്ത്യയുടെയും ധോണിയുടെയും വിശ്വസ്തനായ, ഏറ്റവും മികച്ച വൈസ് ക്യാപ്റ്റനായിരുന്നു കോഹ്‌ലി.
Content Highlight: Virat Kohli’s tweet about MS Dhoni goes viral